ശനിയാഴ്ച തെക്കൻ ഇസ്രയേലിൽ പ്രവേശിച്ച ഹമാസ് സായുധസംഘം നടത്തിയ ഞെട്ടിപ്പിക്കുന്ന ആക്രമണങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. രക്ഷപ്പെട്ടവരുടെ അനുഭവവിവരണങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ് . തെക്കൻ ഇസ്രയേലിൽ കിബു റ്റ്സിൽ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിനെത്തിയ 260 പേരാണ് ഹമാസ്നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇതിലേറെയും ചെറുപ്പക്കാരാണ്.
ഗാസാ അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് സംഗീതോത്സവം നടന്ന സ്ഥലം. വെള്ളിയാഴ്ച രാത്രിയിലെ നൃത്ത പരിപാടിക്ക് ശേഷം ക്യാമ്പുകളിൽ മിക്കവാറും പേർ ഉറക്കത്തിൽ ആയിരിക്കെയാണ് രാവിലെ ആക്രമണം ഉണ്ടായത്. അപ്രതീക്ഷിതമായി വെടിവെപ്പിൽ നിന്നും രക്ഷപ്പെടാനായി പലവഴിക്കായി ചിതറി ഓടിയവരിൽ പലരും ആറുമണിക്കൂറിലേറെ മരുഭൂമിയിലെ കുറ്റിക്കാട്ടിലും മറ്റും ഒളിച്ചിരുന്നു .ഒട്ടേറെപ്പേരെ ഹമാസംഘം പിടിച്ചു കൊണ്ടു പോയി.
അടുത്ത പ്രദേശമായ റഹാത്തിൽ നിന്നുള്ള ഇസ്രായേൽ പൗരന്മാരായ അറബ് വംശജരാണ് ഒടുവിൽ ട്രക്കുകളിലെത്തി പരിക്കേറ്റ വരെ അടക്കം രക്ഷിച്ചത്. സംഭവ സ്ഥലത്ത് ആയിരത്തോളം കാറുകളാണ് ചിതറിക്കിടക്കുന്നത്. വാഹനങ്ങളുടെ ടയറുകൾ വെടിവെച്ച് തകർത്തിരുന്നു. രക്ഷപ്പെടാനായി ഓടുന്നതിന്റെയും ആളുകളെ പിന്തുടർന്നുപിടിച്ചുകൊണ്ടു പോകുന്നതിന്റെയും വീഡിയോകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്