അഞ്ചല്‍ ഏറം വെള്ളിശേരിയില്‍ ഉത്ര കിടപ്പുമുറിയില്‍ കരിമൂര്‍ഖന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് പുലര്‍ച്ചെയാണ്
ക്രൈംബ്രാഞ്ച് സൂരജിനെയുമായി തെളിവെടുപ്പിനെത്തിയത്. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രം കണ്ടെടുത്തു. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തിയിരുന്നു. അതേസമയം ഉത്രയുടെ
വീട്ടിലെത്തിയ പ്രതി താന്‍ തെറ്റൊന്നും ചെയ്തിട്ടിലെന്ന് പറയുന്നുണ്ടായിരുന്നു. സംഭവത്തില്‍ സൂരജിനെയും സുഹൃത്തും സഹായിയുമായ പാമ്പുപിടുത്തക്കാരന് സുരേഷിനെയും ഞായറാഴ്ചയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് സൂരജ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മേയ് ഏഴിനാണ് വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ കിടപ്പു മുറിയില്‍ പാമ്പു കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്രയെ കൊലപ്പെടുത്താന്‍ 10,000 രൂപയ്ക്കാണ് സൂരജ് പാമ്പിനെ വാങ്ങിയത്.
കരി മൂര്‍ഖനെയാണ് വാങ്ങിയത്. അഞ്ചുമാസത്തിന്റെ തയാറെടുപ്പിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറയുന്നു. യുവതിക്ക് തുടര്‍ച്ചയായി രണ്ടു തവണ പാമ്പ് കടിയേറ്റതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.
ഇതേത്തുടര്‍ന്നു റൂറല്‍ എസ്പി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് എസ്പി ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
മൂര്‍ഖന്‍ പാമ്പിനെ കൈവശം വച്ചതിന് പ്രതികള്‍ക്കെതിരേ വനംവകുപ്പും കേസെടുത്തിട്ടുണ്ട്.