ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 10 പേരെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തി. ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ മരിച്ചവിവരം മംഗളൂരു കോസ്റ്റല്‍പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മംഗലാപുരം തീരത്തുനിന്ന് അറുപത് നോട്ടിക്കല്‍ മൈല്‍ മാറി പുറംകടലിലാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇത് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.
അപകടത്തിനിടയാക്കിയ കപ്പല്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ രാജ്ദൂതും ഹെലികോപ്ടറും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അപകടത്തില്‍പെട്ട ബോട്ടില്‍ 14 പേരാണ് ഉണ്ടായിരുന്നത്.
ഇതില്‍ ഏഴ് പേര്‍ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവര്‍ ബംഗാള്‍, ഒഡീഷ സ്വദേശികളുമാണ്. മലയാളികള്‍ ആരും ഇല്ലായിരുന്നുവെന്നാണ് അറിയുന്നത്. ഞായാറാഴ്ച രാത്രിയോടെയാണ് ബോട്ട് ബേപ്പൂരില്‍ നിന്നും പോയത്.