സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്കിയിരിക്കുന്നതിനെതിരെ പോലീസ്. കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് ആളുകള്‍ അധികമായി പൊതുനിരത്തിലേക്ക് എത്താന്‍ കാരണമാകും.
അതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് സംസ്ഥാന പോലീസിന്റെ ആവശ്യം. ലോക്ഡൗണ്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി വ്യാഴാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇതിലെ ഇളവുകള്‍ക്കെതിരെ പോലീസ് രംഗത്ത് എത്തുകയായിരുന്നു.
ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുകയും, നിര്‍മാണ മേഖലയ്ക്ക് ഇളവ് അനുവദിക്കുകയും കൂടി ചെയ്യുന്നത് ചിലപ്പോള്‍ ലോക്ഡൗണ്‍ കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ചിലപ്പോള്‍ ലഭിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍.
ഇളവുകള്‍ നല്‍കിക്കൊണ്ട് ലോക്ഡൗണ്‍ എങ്ങനെ നടപ്പാക്കും എന്നതിലാണ് ആശയക്കുഴപ്പം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയേയും പോലീസ് അറിയിച്ചുകഴിഞ്ഞു.
ഇത് കൂടാതെ കടകളുടെ പ്രവര്‍ത്തന സമയം പരമാവധി അഞ്ച് മണിക്കൂര്‍ ആയി നിശ്ചയിക്കണം. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ പൂര്‍ണമായ ലോക്ഡൗണ്‍ മാത്രമേ പ്രയോജനം ചെയ്യൂവെന്നും പോലീസ് പറയുന്നു.
സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കാനും നിര്‍മ്മാണ മേഖലയിലെ അനുമതിയുമെല്ലാം അപ്രായോഗികമാണ്. നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ജോലി തുടരാം. യാത്ര അനുവദിക്കുക അപ്രായോഗികമെന്ന് പൊലീസ് പറയുന്നു. ഇളവുകള്‍ വീണ്ടും നിരത്തില്‍ സംഘര്‍ഷമുണ്ടാക്കുമെന്നും പോലീസ് വിലയിരുത്തുന്നു.