രാജ്യതലസ്ഥാനമായ ഡല്‍ഹി ശാന്തമാകുന്നു. കലാപമുണ്ടായ വടക്കന്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു.
ഉടന്‍ സാധാരണ നില പുനഃസ്ഥാപിക്കുമെന്നും കലാപബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. മൂന്ന് ദിവസമായി സംഘര്‍ഷമുണ്ടായ ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍, യമുനാവിഹാര്‍, ഭജന്‍പുര, ചാന്ദ്ബാഗ്, ശിവ് വിഹാര്‍ തുടങ്ങിയ മേഖലകളാണ് ഡോവല്‍ സന്ദര്‍ശിച്ചത്.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട ഡോവല്‍ ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും സ്ഥലവാസികളുമായും ചര്‍ച്ച നടത്തി. അജിത് ഡോവലിനോട് ജനങ്ങള്‍ കലാപസമയത്ത് തങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ വിവരിച്ചു.
തങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നെന്നും ജനങ്ങള്‍ പറഞ്ഞു. തുടര്‍ന്നാണ് സ്ഥിതിഗതികള്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് അജിത് ഡോവല്‍ പറഞ്ഞത്. രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ മറ്റുള്ളവരെയും അയല്‍ക്കാരെയും സ്‌നേഹിക്കണം.
എല്ലാവരും ഐക്യത്തോടെ കഴിയണമെന്നും ഡോവല്‍ നിര്‍ദ്ദേശിച്ചു. സ്ഥലത്തെ മുസ്ലിം നേതാക്കളുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. ഡല്‍ഹിയിലെ കലാപം വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ മൂന്ന് തവണ യോഗം വിളിച്ചിരുന്നു.
യോഗത്തിന് ശേഷമാണ് ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനായി അജിത് ഡോവലിനെ അങ്ങോട്ട് അയക്കാന്‍തീരുമാനിച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ അജിത് ഡോവല്‍ ഡല്‍ഹിയിലെത്തി.
ഡോവലിന്റെ സന്ദര്‍ശനത്തിന് ശേഷമാണ് ഈ പ്രദേശങ്ങളിലെല്ലാം കേന്ദ്ര സേനയെ വിന്യസിക്കാനും അത് ഡല്‍ഹിയില്‍ എവിടെയൊക്കെ വേണമെന്നുമുള്ള തീരുമാനങ്ങള്‍ വന്നത്. നിലവില്‍ അക്രമങ്ങള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്.