കരയിലേക്ക് അടുപ്പിക്കാന്‍ സാധിക്കാതെ കടലില്‍ കുടുങ്ങിയ കപ്പലില്‍ അകപ്പെട്ട റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ വിശന്നു മരിച്ചു. കപ്പലിലെ 28 പേരാണ് വിശന്നു മരിച്ചത്. 382 പേരെ ബംഗ്ലാദേശ് തീര രക്ഷാസേന രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരില്‍ പലരും അതീവ അവശനിലയിലാണ് കാണപ്പെട്ടത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മലേഷ്യന്‍ തീരത്തേക്ക് അടുപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം കപ്പല്‍ കടലില്‍ കുടുങ്ങി കിടക്കുകയായിരുന്നു.
കടലില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ബംഗ്ലാദേശ് തീരദേശ സേനയാണ് കപ്പല്‍ കണ്ടത്. കപ്പലില്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതലായി ഉണ്ടായിരുന്നത്. വിശപ്പ് സഹിക്കാനാവാതെ തളര്‍ന്നതിനാല്‍ പലര്‍ക്കും നേര നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ആളുകളില്‍ പലരും ദേഹോപദ്രവം നടത്തിയിരുന്നെന്ന് കപ്പലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു.
നിലവില്‍ ഇവരെ ബംഗ്ലാദേശിലെ ക്യാംപില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാനുള്ള പ്രാഥമിക നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു.