രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ നാലാം ഘട്ട ലോക്ക് ഡൗണില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നല്‍കേണ്ട ഇളവുകളും സംബന്ധിച്ച അന്തിമരൂപം തയ്യാറാവുന്നു.
സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും കേന്ദ്രം പ്രഖ്യാപിക്കാന്‍ സാധ്യത. ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.
യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ട് ഓട്ടോറിക്ഷകളും ടാക്സികളും ഓടിക്കാനും നാലാം ഘട്ട ലോക്ക് ഡൗണില്‍ അനുമതിയുണ്ടാവും എന്നാണു സൂചന. ഓണ്‍ലൈന്‍ വ്യാപാരത്തിന് ഏര്‍പ്പെടുത്തിയ എല്ലാത്തരം നിയന്ത്രണങ്ങളും പിന്‍വലിക്കും.
എല്ലാതരം ഓണ്‍ലൈന്‍ വ്യാപാരവും അനുവദിക്കും. ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നല്‍കിയേക്കും. ട്രെയിനുകളില്‍ എത്തുന്ന യാത്രക്കാരെ പ്രത്യേക ബസുകളില്‍
വീടുകളില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി സമൂഹ്യ അകലം ഉറപ്പാക്കി ബസ് സര്‍വ്വീസുകള്‍ നടത്താമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു.
ലോക്ക് ഡൗണ്‍ മൂലം നിര്‍ജീവമായ രാജ്യത്തെ ഭാഗികമായെങ്കിലും സാധാരണനിലയിലേക്ക് മടക്കി കൊണ്ടു വരുന്ന തരത്തിലാവും നാലാം ഘട്ട ലോക്ക് ഡൗണ്‍ നടപ്പാക്കുക എന്നാണ് സൂചന. ഇക്കാര്യം നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു.