കഴിഞ്ഞ മാസം കർണാടകയിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുത്ത 32 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വരന്റെ മാതാപിതാക്കൾ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു.
ഹവേരി ജില്ലയിലെ റാണെബെനൂരിലെ മാരുതിനഗറിലാണ് കഴിഞ്ഞ മാസം 29ന് വിവാഹം നടന്നത്. വരന്റെ പിതാവിനാണ് വിവാഹം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ദാവൻഗരെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഈ മാസം ഏഴിന് മരിച്ചു.
നാല് ദിവസത്തന് ശേഷം ഇദ്ദേഹത്തിന്റെ ഭാര്യയും വൈറസ് ബാധയെത്തുടർന്ന് മരിച്ചു. അതിനുശേഷം കുടുംബത്തിലെ 38 പേരെ സർക്കാർ ഹോസ്റ്റലിൽ ക്വാറന്റൈനിലാക്കി. 32പേരുടെ സ്രവ സാംപിൾ പരിശോധനക്കയച്ചതിൽ നിന്ന് ഇവർക്ക് രോഗം സ്ഥിരീകരിക്കുകയും ആറ് പേർ ഫലത്തിനായി കാത്തിരിക്കുകയാണ്.