കനത്ത മഴ തുടരുന്ന ഇടുക്കിയില്‍ സ്ഥിതി കൈവിട്ടു പോവുമോയെന്ന ആശങ്കയില്‍ ജില്ലഭരണകൂടം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കി ഡാമില്‍ ഉയര്‍ന്നത് 6 അടി ജലം. വ്യാഴാഴ്ച രാവിലെ 2347.12 ആയിരുന്നു ജലനിരപ്പ്.
അതേസമയം, ഇടുക്കിയില്‍ മലവെള്ള പാച്ചിലില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ രണ്ടു യുവാക്കളില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്‍റെ മൃതദേഹമാണ് കിട്ടിയത്.
ഒപ്പമുണ്ടായിരുന്ന അനീഷിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ജില്ലയില്‍ ഇന്നലെയുണ്ടായ ശക്തമായമഴയില്‍ നാലിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പീരുമേട്ടില്‍ മൂന്നിടങ്ങളിലായും മേലെ ചിന്നാറിലുമാണ് ഉരുള്‍പൊട്ടിയത്.
ജില്ലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ജില്ലയിലെ പീരുമേട്, വണ്ടിപ്പെരിയാര്‍, ഏലപ്പാറ എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
ഇടുക്കി പൊന്മുടി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു. തുടര്‍ച്ചയായുള്ള മഴയെത്തുടര്‍ന്ന് ജലനിരപ്പ് പരമാവധി സംഭരണശേഷി പിന്നിട്ടതോടെ ഇടുക്കി പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ 10ന് 30 സെ.മീ വീതം ഉയര്‍ത്തി 65 ക്യുമെക്സ് വെള്ളം പന്നിയാര്‍ പുഴയിലേക്ക് തുറന്നു വിടും.
പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. രാജമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായെന്ന് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഇടുക്കിയില്‍ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
കോവിഡ് 19, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഫയര്‍ & റസ്ക്യൂ, സിവില്‍
സപ്ലൈസ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, എന്നിവ ഉള്‍പ്പടെയുള്ള അവശ്യ സര്‍വ്വീസുകളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം രാത്രി സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്.