തിരുച്ചിറപ്പള്ളിയില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് അരവിന്ദിന് പരിക്കേറ്റു. തിരുച്ചിറപ്പള്ളിയ്ക്ക് സമീപം അല്ലൂരിലായിരുന്നു സംഭവം.
മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് ഇരുവരെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഇരുവര്‍ക്കും നേരെ ആക്രമണം ഉണ്ടായത്. വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തുന്ന സംഘമാണെന്ന് ആരോപിച്ച് ഗ്രാമവാസികള്‍ ഇവരെ തടഞ്ഞുവെയ്ക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
വിവരം അറിഞ്ഞെത്തിയ പോലീസാണ് പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. മഹാത്മാഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്റ് ആശുപത്രിയിലായിരുന്നു ഇരുവരെയും കൊണ്ടുപോയത്.
എന്നാല്‍ ദീപു മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. പരിക്കേറ്റ അരവിന്ദ് അപകടനില തരണം ചെയ്തു. സംഭവത്തില്‍ ഗ്രാമവാസികളില്‍ ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.