സംസ്ഥാനത്ത് വേനല്‍ കനക്കുന്നു. രാജ്യത്തെ ഏറ്റവും ചൂട് കൂടിയ പട്ടണങ്ങളിലൊന്നായി കോട്ടയം മാറി. പകല്‍ സമയത്ത് പലയിടത്തും 34 ഡിഗ്രി സെല്‍ഷ്യസിനും 37 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് താപനില.
വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
പകല്‍ സമയത്ത് താപനില കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി രംഗത്ത്. സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം എന്നിവയില്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. കുട്ടികള്‍, പ്രായമായവര്‍ , ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
സുരക്ഷാ മുന്നറിയിപ്പ് :
- പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.
- നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
- പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
- ORS, ലെസ്സി, ബട്ടര്‍ മില്‍ക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.
- അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
- പുറത്തേക്ക് ഇറങ്ങുമ്ബോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
- ചൂട് പരമാവധിയില്‍ എത്തുന്ന നട്ടുച്ചക്ക് പാചകത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക
- പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
- വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ലേബര്‍ കമ്മീഷ്ണര്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ഉത്തരവിടുന്നതാണ്. അതിനനുസരിച്ച് തൊഴില്‍ ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്.
- ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.