സ്വന്തം തട്ടകത്തില്‍ എഫ്.സി പോര്‍ടോയൊ തകര്‍ത്തെങ്കിലും ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ യുവന്‍റസ് പുറത്ത്. പ്രീക്വാര്‍ട്ടറിലെ രണ്ടാം പാദത്തില്‍ സ്വന്തം ഗ്രൗണ്ടായ അലയന്‍സ് അറീനയില്‍ പോര്‍ചുഗീസ് ടീമിനെ രണ്ടിനെതിരെ മൂന്ന് ഗോളിന്
പരാജയപ്പെടുത്തിയെങ്കിലും എവേ ഗോളുകളുടെ പിന്‍ബലത്തില്‍ പോര്േടാ മുന്നേറുകയായിരുന്നു. രണ്ടാഴ്ച മുമ്ബ് നടന്ന ആദ്യപാദത്തില്‍ 2-1നാണ് പോര്‍ടോ ക്രിസ്റ്റ്യാനോയെയും സംഘത്തെയും തോല്പിച്ചത്.
രണ്ട് പാദങ്ങളിലുമായി ഇരുടീമുകളും നാല് ഗോള്‍ നേടിയപ്പോള്‍ എവേ മത്സരത്തില്‍ രണ്ട് തവണ വലകുലുക്കിയതിന്‍റെ പിന്‍ബലത്തില്‍ പോര്‍ടോ ക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു.
19ാം മിനിറ്റില്‍ സെര്‍ജിയോ ഒലിവേര നേടിയ ഗോളില്‍ പോര്ടോയാണ് ആദ്യം മുന്നിലെത്തിയത്. മറുപടി ഗോളിനായി 49ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ആതിഥേയര്‍ക്ക്.
ഫെഡറിക്കോ ചിയെസയാണ് യുവന്‍റസിനെ ഒപ്പമെത്തിച്ചത്. അല്‍പ്പസമയത്തിനകം മെഹ്ദി ടരേമി ചുവപ്പ് കാര്‍ഡുമായി പുറത്തുപോയതോടെ 10 പേരുമായിട്ടായിരുന്നു പോര്‍ടോയുടെ പോരാട്ടം.
63ാം മിനിറ്റില്‍ ഫെഡറിക്കോ ചിയെസ വീണ്ടും യുവന്‍റസിനായി വലകുലുക്കി. ഇതോടെ അഗ്രിഗേറ്റ് സ്കോര്‍ 2-2. പിന്നീട് ഗോളുകളൊന്നും പിറക്കാത്തതിനാല്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
115ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സെര്‍ജിയോ ഒലിവേര വലയിലെത്തിച്ചതോടെ യുവന്‍റസിന്‍റെ പതനം പൂര്‍ത്തിയായി. രണ്ട് മിനിറ്റിനകം അഡ്രിയാന്‍ റാബിയോട്ട് ഗോള്‍ മടക്കിയെങ്കിലും പോര്‍ട്ടോയുടെ ക്വാര്‍ട്ടര്‍ പ്രവേശനത്തിന് തടസ്സമായില്ല.