ഗെയിം കളിക്കാനായി വാങ്ങിയ പണം തിരികെ നല്‍കാത്തതിന്റെ പേരില്‍ 17കാരനെ കഴുത്തറുത്ത് കൊന്നു. ഗെയിമിന്റെ അധിക ഫീച്ചര്‍ വാങ്ങുന്നതിന് സുഹൃത്തിന്റെ കയ്യിൽ നിന്ന് 75,000 രൂപ കടം വാങ്ങിയ 17കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.
മാര്‍ച്ച് 10 ന് ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാണാതായി അഞ്ച് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം റായ്ഗഡിലെ സാരന്‍ഗഡ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്.
കൊല്ലപ്പെട്ട ഒന്‍പതാം ക്ലാസുകാരന്‍ ഗെയിമുകള്‍ക്ക് അടിമയാണെന്നും കഴിഞ്ഞ വര്‍ഷം തന്റെ സുഹൃത്ത് ചവാന്‍ കുണ്ടെയില്‍ നിന്ന് 75,000 രൂപ കടം വാങ്ങിയതായും പറയുന്നു.
ഗെയിമിലെ അധിക ഫീച്ചറുകള്‍ വാങ്ങാനാണ് കുട്ടി പണം ഉപയോഗിച്ചത്. ജനുവരി മുതല്‍, കുണ്ടെ പണം തിരികെ ചോദിക്കാന്‍ തുടങ്ങിയെങ്കിലും കുട്ടി ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് പണം തിരികെ നല്‍കിയില്ല.
പണം തിരികെ നല്‍കാന്‍ യാതൊരു ഭാവവുമില്ലെന്ന് മനസ്സിലായതോടെ കുണ്ടെ മറ്റ് വഴികള്‍ തേടി. മാര്‍ച്ച് 10 ന് ഇരയോട് മദ്യപിച്ചെത്തി പണം ചോദിക്കാന്‍ തീരുമാനിച്ചു.
വീണ്ടും കുട്ടി ഒഴിവു പറഞ്ഞതോടെ വാക്കുതര്‍ക്കത്തിലേയ്ക്ക് നീങ്ങുകയും കുണ്ടെ ആണ്‍കുട്ടിയുടെ കഴുത്ത് അറത്ത് കൊലപ്പെടുത്തുകയായിരുന്നു.
എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതായി പറഞ്ഞ് പിന്നീട് ഇരയുടെ അമ്മയില്‍ നിന്ന് 5 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.
പൊലീസ് കേസ് എടുത്തതോടെ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തെളിവുകളും ലഭിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.