ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് വ്യാപകമാകുന്നു. ചെന്നൈ വിമാനത്താവളത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.53 കോടിയുടെ 5.5 കിലോ സ്വര്‍ണവും 24 ലക്ഷത്തിന്‍റെ വിദേശ കറന്‍സിയും കസ്റ്റംസ് പിടിച്ചെടുത്തു.
വിവിധ യാത്രക്കാരില്‍ നിന്നാണ് ഇവ പിടികൂടിയതെന്നും അവരെ അറസ്റ്റ് ചെയ്തതായും ചെന്നൈ കസ്റ്റംസ് അറിയിച്ചു. രാമനാഥപുരം സ്വദേശിയായ മഖ്റൂബ് അക്ബര്‍ അലിയുടെയും സുബൈര്‍ ഹസന്‍ റഫിയുദീന്‍റെയും തലയിലെ വിഗ്ഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 595 ഗ്രാം സ്വര്‍ണം. ദുബായില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയവരാണ് അവര്‍. വിഗ്ഗിനുള്ളില്‍ അകത്ത് കുഴമ്ബുരൂപത്തിലായിരുന്നു സ്വര്‍ണം കടത്താൻ ശ്രമിച്ചത്. തിരുച്ചിറപ്പള്ളി സ്വദേശിയായ ബാലു ഗണേഷനാണ് സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ മറ്റൊരാള്‍.
ഇയാളുടെ മലാശയത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 622 ഗ്രാം സ്വര്‍ണം. മഖ്റൂബും സുബൈറും ബാലു ഗണേഷനും ഒരേ വിമാനത്തിലാണ് ചെന്നൈയിലെത്തിയത്. 24കാരനായ അന്‍പഴകനും തമീന്‍ അന്‍സാരിയുമാണ് ശനിയാഴ്ച സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായ മറ്റു രണ്ടുപേര്‍. 1.5 കിലോ വരുന്ന നാലു പാക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം അന്‍പഴകന്‍റെ സോക്സിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു അധികൃതര്‍ കണ്ടെത്തിയത്.