സംസ്ഥാനം വില കൊടുത്തു വാങ്ങിയ കൊവിഡ് വാക്സീന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി. മൂന്നരലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സീനാണ് ആദ്യ ബാച്ചിന്റെ ഭാഗമായി എത്തിയത്.
വിമാനത്താവളത്തില്‍ നിന്ന് മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ വെയര്‍ഹൗസിലെത്തിക്കുന്ന വാക്സീന്‍ ഇവിടെ നിന്ന് റീജിയണല്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും.
പൂനെ സിറം ഇസ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് കേരളം വാക്സീന്‍ വാങ്ങുന്നത്. പൂനെയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് വാക്സീനെത്തിച്ചത്. വിതരണം സംബന്ധിച്ച് വ്യക്തമായ മാര്‍ഗരേഖ ഉടന്‍ നല്‍കും.
ഗുരുതര രോഗികള്‍ക്കും, സമൂഹത്തില്‍ നിരന്തരം ഇടപഴകുന്നവര്‍ക്കുമായിരിക്കും വാക്സീന്‍ വിതരണത്തില്‍ മുന്‍ഗണനയെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. കടകളിലെ ജീവനക്കാര്‍, ബസ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്സീന്‍ ലഭിക്കും.