സത്യപ്രതിജ്ഞാ ചടങ്ങില്‍ പരമാവധി എത്ര പേര്‍ പങ്കെടുക്കുമെന്ന് അറിയിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം. ഉച്ചകഴിഞ്ഞ് വിവരം അറിയിക്കണം. ചടങ്ങില്‍ പങ്കെടുക്കന്നവരുടെ
എണ്ണം പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ദേശം. 500 പേര്‍ പങ്കെടുക്കില്ലന്നും പലരും എത്തില്ലെന്ന് അറിയിച്ചിട്ടുണ്ടന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗവര്‍ണറും വിശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും പൊലീസും മാധ്യമപ്രവര്‍ത്തകരും അടക്കമാണ്
500 പേരെന്നും ചടങ്ങിനു കര്‍ശന നിബന്ധനകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. തൃശൂരിലെ ആരോഗ്യപ്രവര്‍ത്തകരുടെ സംഘടന ചികില്‍സാ നീതിയുടെ ജനറല്‍ സെക്രട്ടറി ഡോ: കെ.ജെ പ്രിന്‍സ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
കോവിഡ് രണ്ടാം വ്യാപനം ശക്തമായ സാഹചര്യത്തില്‍ തിരുവനന്തപുരം അടക്കം നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയ സര്‍ക്കാര്‍ തന്നെ ഉത്തരവ് ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
പകര്‍ച്ചവ്യാധി വിരുദ്ധ നിയമത്തിന്റെയും ദുരന്തനിവാരണ നിയമത്തിന്റെയും ലംഘനമാണ് സര്‍ക്കാര്‍ നടപടി. 150 മാധ്യമ പ്രവര്‍ത്തകരടക്കം 500 പേരെ പങ്കെടുപ്പിച്ചാണ് ചടങ്ങ്. ലോക് ഡൗണ്‍ സംബന്ധിച്ച ഉത്തരവ് പാലിക്കാന്‍ സര്‍ക്കാരിനു തന്നെ ഉത്തരവാദിത്തമുണ്ട്.
ഉത്തരവ് നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണം. പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ട്രിപ്പിള്‍ ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് ഉച്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും.