ബഹ്റിനില്‍ കുടുങ്ങിയ സൗദി യാത്രക്കാരെ സ്ഥലത്തെത്തിക്കാന്‍ കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരും ദിവസങ്ങളില്‍ സര്‍വിസ് നടത്തുമെന്ന് റിപ്പോര്‍ട്ട്. മലയാളികള്‍ അടക്കം 1000 ത്തോളം ഇന്ത്യക്കാരാണ് ബഹ്റൈനില്‍ കുടുങ്ങിയത്.
കൂടാതെ, പാകിസ്താന് ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍നിന്നുള്ള നിരവധി പേരും കുടുങ്ങിയവരിലുണ്ട്. കിങ് ഫഹദ് കോസ്വേ വഴി സൗദി അറേബ്യയില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതാണ് യാത്രക്കാര്‍ക്ക് വന്‍ തിരിച്ചടിയായത്.
ബഹ്റൈനില്‍ 14 ദിവസത്തെ ക്വാറന്റീനുശേഷം സൗദിയിലേക്ക് പോകാനെത്തിയവരില്‍ കൂടുതല്‍ പേരും വാക്സിന് സ്വീകരിക്കാത്തവരാണ്. ഇതേത്തുടര്‍ന്ന് മേയ് 20 മുതല്‍ ഇവരുടെ യാത്ര മുടങ്ങിയിരുന്നു.
ഫ്ലൈ സഫ്രോണ്‍ ട്രാവല്‍ ഏജന്‍സി വഴി രണ്ടു ചാര്‍ട്ടെഡ് വിമാനങ്ങള്‍ സൗദിയിലേക്ക് സര്‍വിസ് നടത്തി. 330 പേരാണ് ഈ വിമാനങ്ങളില്‍ സൗദി അറേബ്യയില്‍ എത്തിയത്. സൗദി എയര്‍ലൈന്‍സിന്റെ
ഏതാനും ഷെഡ്യൂള്‍ഡ് സര്‍വിസുകളിലും യാത്രക്കാര്‍ സൗദിയില്‍ എത്തി. അറുന്നൂറോളം പേര് സൗദിയില്‍ എത്തിയതായാണ് ട്രാവല്‍ ഏജന്‍സികളുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.