സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് അനുവദിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ് കേന്ദ്രം. തിരുവനന്തപുരം സ്വദേശി അജയ് എസ് കുമാറിന് വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏതെല്ലാം സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ് നല്‍കുന്നുണ്ട്, എത്ര വിതരണം ചെയ്‌തു എന്നായിരുന്നു ചോദ്യം. എന്നാല്‍, കേരളത്തിനെന്നല്ല ഒരു സംസ്ഥാനങ്ങള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടിയായി പറഞ്ഞു.
അതേസമയം കേന്ദ്രം നല്‍കുന്ന ഭക്ഷ്യവസ്‌തുക്കളാണ് സഞ്ചിയിലാക്കി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ പ്രചരിപ്പിച്ചിരുന്നു.
കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തിലടക്കം പറഞ്ഞു. കെ സുധാകരന്‍ എംപിയും ഇത്തരത്തില്‍ പ്രചാരണം നടത്തി. ഇതോടെ ഇരുകൂട്ടരുടെയും വാദം പൊളിയുകയാണ്. എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷത്തോട് കേന്ദ്രം നല്‍കുന്ന കിറ്റാണെങ്കില്‍ എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ചോദിച്ചിരുന്നു.