ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍ക്ക് എതിരായ പൊതുതാത്പര്യഹര്‍ജി ഹൈക്കോടതി തള്ളി. ഭരണ പരിഷ്കാര നിര്‍ദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്നു ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
മലപ്പുറം സ്വദേശി നൗഷാദലി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസുമാരായ എസ്.വി.ഭട്ടിയും മുരളി പുരുഷോത്തമനും അടങ്ങുന്ന ബെഞ്ച് തള്ളിയത്. നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ളത് കരട് ചട്ടങ്ങള്‍ മാത്രമാണെന്നും തര്‍ക്കങ്ങളും ശുപാര്‍ശകളും
പരിഗണിച്ചതിനു ശേഷം രാഷ്ട്രപതിയാണ് അന്തിമ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.
ഭൂമി വികസനത്തിന് പ്രത്യേക ചാര്‍ജ് ഈടാക്കാനുള്ള ഭരണകൂടത്തിന്റെ നടപടിയിലും മൃഗങ്ങളെ കൈമാറ്റം ചെയ്യുന്നതിനും കശാപ്പ് ചെയ്യുന്നതിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതി വേണമെന്ന
വ്യവസ്ഥയിലും അപാകതയില്ലന്ന് കോടതി നിരീക്ഷിച്ചു. ഭരണകൂടത്തിന്റെ അധികാരങ്ങള്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാവാരുതെന്നു മാത്രമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.