Breaking News

പിണറായി വിജയന് എന്തും സംസാരിക്കാം, എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിലവാരമുണ്ടാകണം; രൂക്ഷമായി വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല…

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം നിലവാരമില്ലാത്തതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരംമുറി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ്

മുഖ്യമന്ത്രി കോളേജ് കാലത്തെ കാര്യങ്ങള്‍ ഉന്നയിക്കുന്നത്. കൊവിഡിന്റെ വിവരങ്ങള്‍ അറിയാനാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ജനങ്ങള്‍ കാണുന്നത്. പിണറായി വിജയന് എന്തും സംസാരിക്കാം.

എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിലവാരമുണ്ടാകണം. ആ നിലവാര തകര്‍ച്ചയാണ് ഇന്നലെ കെപിസിസി പ്രസിഡന്റിനെതിരെ 26 മിനിറ്റ് വാര്‍ത്താ സമ്മേളനത്തില്‍ കണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

പത്രസമ്മേളനങ്ങളില്‍ ഇതുപോലുള്ള വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാന്‍ പാടില്ലാത്തതാണ്. പലപ്പോഴും പിണറായി വിജയന്‍ പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ പത്രസമ്മേളനം ദുരുപയോഗിച്ചിട്ടുണ്ട്.

ഇന്നലെ മുഖ്യമന്ത്രി എല്ലാ സീമകളും ലംഘിച്ചു. ഇനിയെങ്കിലും മുഖ്യമന്ത്രി സമചിത്തതയുടെ പാത സ്വീകരിക്കണം. ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കി വേണം സംസാരിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമര്‍ശങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു.

കുട്ടിക്കാലത്തും കോളേജ് കാലത്തും നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ എടുത്ത് വിവാദമാക്കേണ്ട യാതൊരു ആവശ്യവുമില്ല. യഥാര്‍ത്ഥത്തിലുള്ള പിണറായി വിജയന്റെ മുഖമാണ് ഇതിലൂടെ വ്യക്തമായത്.

കെപിസിസി പ്രസിഡന്റ് അങ്ങിനെ പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. അങ്ങിനെ ഒരാള്‍ പറഞ്ഞാല്‍ പോലും കേരളത്തിന്റെ മുഖ്യമന്ത്രി ഇങ്ങിനെയാണോ പ്രതികരിക്കേണ്ടത്? ആരെല്ലാം എന്തെല്ലാം കാര്യങ്ങള്‍ ഞങ്ങളെ പറ്റി പറയുന്നുണ്ട്.

ഞങ്ങളൊക്കെ പ്രതികരിക്കുന്നത് അങ്ങിനെയാണോ? കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത നിലവാരമില്ലാത്ത പ്രവര്‍ത്തിയായിപ്പോയി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …