വയോധികയ്ക്ക് പിഴ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി കേരള പൊലീസ്. മലപ്പുറത്ത് മാസ്‌ക് ധരിക്കാത്തതിന് വയോധികയ്ക്ക് പൊലീസ് പിഴ ചുമത്തിയെന്ന തരത്തില്‍
പ്രചാരണം നടക്കുന്നുണ്ടെന്നും ഇത് വ്യാജമാണെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
‘മാസ്‌ക് ധരിക്കാത്ത വയോധികയ്ക്ക് പോലീസ് പിഴ ചുമത്തിയെന്ന പ്രചാരണം വസ്തുതാ വിരുദ്ധം. മലപ്പുറം എടക്കരയില്‍ മാസ്‌ക് ധരിക്കാതെയെത്തിയ വയോധികയ്ക്ക് പോലീസ് പിഴ ചുമത്തുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണ്.
ആ വീഡിയോയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെയില്ലന്നിരിക്കെ പോലീസിനെതിരെ ചിലര്‍ നടത്തുന്നത് വ്യാജ പ്രചരണമാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന
സ്‌ക്വാഡിലെ സെക്ടറല്‍ മജിസ്‌ട്രേറ്റാണ് വീഡിയോയിലുള്ളത്. കൃഷി അസി. ഡയറക്ടര്‍ കൂടിയായ പ്രസ്തുത ഉദ്യോഗസ്ഥ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. പിഴ ചുമത്തിയിട്ടില്ലെന്നും
വീട്ടുകാര്‍ അറിയുന്നതിന് താക്കീതായി നോട്ടീസ് നല്‍കുകയാണുണ്ടായതെന്നും അവര്‍ വിശദീകരിച്ചിട്ടുണ്ട്. നോട്ടീസ് നല്‍കി, ഇത് മക്കള്‍ക്ക് കൊടുത്താല്‍ മതിയെന്നും അവര്‍ക്ക് കാര്യം മനസിലായിക്കൊള്ളുമെന്നും പറയുന്നത് വീഡിയോയിലുണ്ട്’.
കഴിഞ്ഞ ദിവസം മലപ്പുറം എടക്കര മൂത്തേടം ചോളമുണ്ട സ്വദേശി ആയിഷയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്ക് കുളിക്കാന്‍ പോയതാണെന്ന് ആയിഷ വീഡിയോയില്‍ പറയുന്നുണ്ട്.
ഒരുഞ്ഞൂറ് രൂപ മകന്‍ അടയ്ക്കില്ലേ എന്നാണ് ഉദ്യോഗസ്ഥ തിരിച്ചു വയോധികയോട് ചോദിച്ചത്. മകന് കൊടുക്കണമെന്ന് പറഞ്ഞ് 500 രൂപ പിഴയിട്ട നോട്ടീസ് ഉദ്യോഗസ്ഥ ആയിഷയ്ക്ക് നല്‍കി. അപ്പോഴും മാസ്‌ക് ധരിക്കാത്തതിന് പിഴയീടാക്കിതാണെന്ന് വയോധികയ്ക്ക് മനസ്സിലായിരുന്നില്ല.
ഇത് ഉദ്യോഗസ്ഥര്‍ പറഞ്ഞു കൊടുത്തുമില്ല. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് ഒരു ഉദ്യോഗസ്ഥന്‍ ഇവരോട് പറയവേ അത് വീട്ടുകാര്‍ പറഞ്ഞു കൊടുത്തോളും എന്നാണ് മറ്റൊരു ഉദ്യോഗസ്ഥ പറഞ്ഞത്.