തമിഴ്‌നാട്ടില്‍ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച ആദ്യ കേസ് സ്ഥിരീകരിച്ചു. ചെന്നൈയിലെ ആശുപത്രിയിലെ 32കാരിയായ നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്.
അതിവ്യാപന ശേഷിയുള്ളതാണ് ഡെല്‍റ്റ പ്ലസ് വകഭേദം. കോവിഡ് ബാധിച്ചവരുടെ 1159 സാംപിളുകള്‍ തമിഴ്‌നാട് വിശദമായ ജനിതക പഠനത്തിനായി ‘ഇന്‍സാകോഗി’ലേക്ക് അയച്ചിരുന്നു. ജനിതക ശ്രേണീകരണം നടത്തുന്ന 28 ലാബുകളുടെ കൂട്ടായ്മയാണിത്.
ഇതില്‍ 772 പരിശോധന ഫലമാണ് പുറത്തുവന്നത്. ഇക്കൂട്ടത്തിലാണ് ഒരു ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണന്‍ പറഞ്ഞു. ആശങ്കപ്പെടാനുള്ള
സാഹചര്യമില്ലെന്നും പ്രതിരോധ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നേരത്തെ ഡെല്‍റ്റ പ്ലസ്
സ്ഥിരീകരിച്ചിരുന്നു. വ്യാപനം തടയാനായി അതിവേഗ നടപടികള്‍ കൈക്കൊള്ളാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.