ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഗ്രീന്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി തുടങ്ങി. ഓസ്ട്രിയ, ജര്‍മനി, സ്ലോവേനിയ, ഗ്രീസ്, ഐസ്‌ലാന്‍ഡ്, സ്‌പെയിന്‍,
അയര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ എട്ട് രാജ്യങ്ങളാണ് ആദ്യഘട്ടത്തില്‍ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്. കോവിഷീല്‍ഡും കോവാക്‌സിനും എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി
നല്‍കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി രണ്ട് വാക്‌സീനും അംഗീകാരം നല്‍കാത്തതിനാല്‍ യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്.
യൂറോപ്പില്‍ ഉപയോഗത്തിലുള്ള ആസ്ട്രസെനേക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പാണ് കോവിഷീല്‍ഡ് എന്നിരിക്കേ, യൂറോപ്യന്‍ യൂണിയന്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടായി അംഗീകരിച്ചവയുടെ
കൂട്ടത്തില്‍ കോവിഷീല്‍ഡിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതേസമയം, ആസ്ട്രസെനേക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ യൂറോപ്യന്‍ പതിപ്പായ വാക്‌സെവിരിയക്ക് അനുമതി നല്‍കിയിട്ടുമുണ്ട്.
തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്. തങ്ങളുടെ വാക്‌സിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പാണ്
നല്‍കിയിരുന്നത്. ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ചാല്‍ യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവരെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കമെന്നും ഇന്ത്യ അറിയിച്ചിരുന്നു