യൂറോ കപ്പ് കലാശപ്പോരില്‍ ഷൂട്ടൗട്ടില്‍ കിക്ക് നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം. പെനാല്‍റ്റി നഷ്ടമാക്കിയ മാര്‍കസ് റാഷ്ഫോഡ്, ജെയ്ഡന്‍ സാഞ്ചോ, ബുകായോ സാക എന്നിവരെയാണ് സമൂഹ മാധ്യമങ്ങളില്‍ വംശീയമായി അധിക്ഷേപിച്ചത്.
വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, ഇംഗ്ലണ്ട് ഫുട്ബാള്‍ അസോസിയേഷന്‍, ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ എന്നിവര്‍ രംഗത്തെത്തി.
ഈ ഇംഗ്ലണ്ട് ടീം പ്രശംസയാണ് അര്‍ഹിക്കുന്നത്, വംശീയ അധിക്ഷേപമല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. ഈ ടീം കുടിയേറ്റക്കാരില്ലാതെ നിലനില്‍ക്കില്ലെന്നും രാജ്യത്തിന്‍റെ വൈവിധ്യം
അംഗീകരിക്കുകയും ആഘോഷിക്കുകയും വേണമെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ട്വീറ്റ് ചെയ്തു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത സംഭവത്തെ അപലപിക്കുന്നതായും താരങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നതായും ഇംഗ്ലീഷ് ഫുട്ബാള്‍
അസോസിയേഷന്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. വംശീയ അധിക്ഷേപത്തിനെതിരെ ലണ്ടന്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ് അടക്കം കായികലോകത്തുനിന്നും
പലരും താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചു. വംശീയ അധിക്ഷേപം നടത്തുന്നവരെ പുറത്തുകൊണ്ടുവന്ന് അവരുടെ മുഖം പത്രങ്ങളുടെ ഒന്നാം പേജില്‍
പ്രസിദ്ധീകരിക്കണമെന്നായിരുന്നു മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ട്വീറ്റ് ചെയ്തത്.