മുതിര്‍ന്നവരേക്കാള്‍ മികച്ച രീതിയില്‍ കുട്ടികള്‍ക്ക് വൈറസിനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍). മുതിര്‍ന്നവരില്‍ ഉള്ളതുപോലെ തന്നെയാണ് കുട്ടികളിലെയും ആന്റിബോഡികള്‍
എന്നിരിക്കെ തന്നെ അവര്‍ ഇതില്‍ കൂടുതല്‍ മികവ് കാണിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് സ്കൂളുകള്‍ തുറക്കാന്‍ ഐസിഎംആര്‍ അനുമതി നല്‍കി.
ആദ്യ ഘട്ടത്തില്‍ പ്രൈമറി സ്കൂളുകള്‍ തുറക്കാനാണ് നിര്‍ദേശം. പ്രദേശത്തെ കോവിഡ് സാഹചര്യങ്ങള്‍കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കണം നടപടികളുമായി മുന്നോട്ട് പോകാനെന്നും പ്രത്യേകം നിര്‍ദേശിക്കുന്നു.
അധ്യാപക-അനധ്യാപക ജീവനക്കാരെല്ലാം വാക്സിന്‍ സ്വീകരിച്ചിരിക്കണം. ബസ് ഡ്രൈവര്‍മാരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കണം. ഇന്ത്യയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍
അത് പ്രൈവറി സ്‌ക്കൂളുകള്‍ തന്നെയാകാമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. നാലാമത്തെ ദേശീയ സെറോ സര്‍വേയുടെ കണ്ടെത്തലുകള്‍ അനുസരിച്ച്, 6-17 വയസ് പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ ആന്റിബോഡികളുടെ
സാന്നിധ്യം കാണിക്കുന്നു. 6-9 വയസ് പ്രായമുള്ളവരില്‍ 57.2 ശതമാനമാണ് സെറോ-പോസിറ്റിവിറ്റി. സ്ഥിതിഗതികള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാകുമെന്ന് എടുത്തുകാട്ടിക്കൊണ്ട്,
സ്കൂളുകള്‍ ആരംഭിക്കാനുള്ള തീരുമാനം അവരുടെ പോസിറ്റീവ് നിരക്ക്, വാക്സിനേഷന്‍ നില, പൊതുജനാരോഗ്യ സാഹചര്യം എന്നിവ അനുസരിച്ച് ജില്ലാതലത്തില്‍ എടുക്കേണ്ടത്. ടിപിആര്‍ നിരക്ക് അഞ്ച് ശതമാനത്തില്‍ കുറഞ്ഞ
സ്ഥലങ്ങളില്‍ സ്‌ക്കൂളുകള്‍ തുറക്കാമെന്ന് നേരത്തെ എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ നിര്‍ദേശിച്ചിരുന്നു. അതേസമയം രാജ്യത്തെ മൂന്നില്‍ രണ്ട് ആളുകളിലും കോവിഡിനെതിരായ
ആന്റിബോഡി രൂപപ്പെട്ടതായി ഐസിഎംആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാം കോവിഡ് തരംഗമെന്ന ആശങ്ക നിലനില്‍ക്കെ ആശ്വാസം നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.