ദിവസങ്ങളായി തകര്‍ത്തുപെയ്യുന്ന കനത്ത മഴ മുംബൈയിലും അയല്‍ജില്ലകളിലും വിതക്കുന്നത് മഹാനാശം. ഇതുവരെയും 136 പേരുടെ മരണം സ്ഥിരീകരിച്ച മെട്രോപോളിറ്റന്‍ നഗരത്തില്‍ ആള്‍നാശം കൂടുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം തീരദേശമായ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 36 പേര് മരിച്ചിരുന്നു. 50 ഓളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 32 വീടുകളാണ് ഇവിടെ മണ്ണിനടിയിലായത്. കൊങ്കണ്‍
മേഖലയിലെ ഏഴു ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഇവിടെ മണ്ണിടിച്ചിലും പ്രളയവും മൂലം ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ മേഖലയിലെ സത്താറയില്‍
പ്രളയം നിരവധി ജീവനെടുത്തിട്ടുണ്ട്. ഇവിടെ മാത്രം 27 പേരുടെ മരണം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.
ഗോണ്ടിയ, ചന്ദ്രപൂര്‍, താനെ, പാല്‍ഗഡ്, രത്നഗിരി, സാംഗ്ലി എന്നിവയാണ് കൂടുതല്‍ നാശം റിപ്പോര്‍ട്ടുചെയ്യപ്പെട്ട മറ്റു ജില്ലകള്‍. കൊല്‍ഹാപൂരില്‍ മാത്രം 40,000 ലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ഇവിടെ എട്ട് നേപാളി തൊഴിലാളികളുള്െപടെ 11 പേരുമായി പോയ ബസ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയെങ്കിലും യാത്രക്കാരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. സംസ്ഥാനത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.