കോവിഡ് സാഹചര്യത്തില്‍ ഉപയോഗം വ്യാപകമായ പള്‍സ് ഓക്സിമീറ്റര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ തുടങ്ങിയ അഞ്ച് മെഡിക്കല്‍ ഉപകരണങ്ങളുടെ വില കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഓക്‌സിമീറ്റര്‍,
ഗ്ലൂക്കോമീറ്റര്‍, ബി.പി മോണിറ്റര്‍, നെബുലൈസര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ എന്നിവയുടെ വിലയാണ് കുറച്ചത്. 70 ശതമാനമായി വില കുറയുമെന്ന് രാസവള മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
ഇതുസംബന്ധിച്ച് ജൂലൈ 13 ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ)യുടെ ഉത്തരവ് കമ്ബനികള്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കുന്ന 684 ബ്രാന്‍ഡുകള്‍
വില വിവരം മന്ത്രാലയത്തില്‍ റിപ്പോര്‍ട്ടുചെയ്‌തു. ഇതില്‍ 620 കമ്ബനികള്‍ തങ്ങളുടെ വില കുറച്ചതായി അറിയിച്ചു. ജൂലൈ 20 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു. ഇറക്കുമതി ചെയ്യുന്ന പള്‍സ് ഓക്സിമീറ്ററിന് 295 മുതല്‍ 375 രൂപ വരെ കുറഞ്ഞു.
പള്‍സ് ഓക്സിമീറ്ററുകള്‍, രക്തസമ്മര്‍ദ്ദ പരിശോധന യന്ത്രം, നെബുലൈസറുകള്‍ എന്നിവക്കാണ് വില വന്‍തോതില്‍ കുറച്ചത്. ‘പൊതുജന താല്‍പര്യാര്‍ഥം 5 മെഡിക്കല്‍ ഉപകരണങ്ങളുടെ
വില്‍പനയില്‍ ജൂലൈ 20 മുതല്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അവയുടെ വില ഗണ്യമായി കുറയ്ക്കും” -കെമിക്കല്‍, രാസവള മന്ത്രി മന്‍സുഖ് എല്‍ മണ്ഡവ്യ ട്വീറ്റ് ചെയ്തു.