കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി പൊലീസ് ഉദ്യോഗസ്ഥർക്ക് തമിഴ്നാട് സർക്കാർ 5 ദിവസം അധിക അവധി അനുവദിച്ചു. ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും ജോലിയിൽ നിന്നു മാറി നിൽക്കണമെന്ന നിർദേശവും പുതിയ ഉത്തരവിലുണ്ട്.
തമിഴ്നാട് സംസ്ഥാന പൊലീസ് മേധാവി സി. ശൈലേന്ദ്ര ബാബുവാണ് ഉത്തരവിറക്കിയത്. നിലവിൽ ആഴ്ചയവധി ഉണ്ടെങ്കിലും പലർക്കും കിട്ടാറില്ല. 10 ദിവസത്തെ കാഷ്വൽ ലീവ് 15 ആക്കിയാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.
പിറന്നാൾ, വിവാഹവാർഷികം തുടങ്ങിയ ആഘോഷങ്ങളിൽ ഏതിലെങ്കിലും പങ്കെടുക്കാനാണ് ഇതിൽ ഒരു ദിവസത്തെ അവധി. ഇത്തരം അപേക്ഷകൾ മേലധികാരികൾ എതിർക്കരുത്. സഹപ്രവർത്തകരെ ആശംസകൾ അറിയിക്കുകയും വേണം.
അവധിദിവസങ്ങളിൽ ജോലി ചെയ്താൽ അധികവേതനം നൽകുമെന്നും അടിയന്തര പ്രാബല്യമുള്ള ഉത്തരവിൽ പറയുന്നു. കുടുംബത്തിനൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം ഉറപ്പാക്കി വീട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും
സന്തോഷം നിലനിർത്തുകയാണ് ലക്ഷ്യമെന്ന് ഡിജിപി സി.ശൈലേന്ദ്ര ബാബു പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ 2018 ലെ കണക്ക് പ്രകാരം രാജ്യത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ ഏറ്റവും കൂടുതൽ തമിഴ്നാട്ടിലാണ്.