ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി താരം പിആര്‍ ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞുവെന്നത് അവാസ്തവ പ്രചാരണമാണെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കേരളം കായിക താരങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന സംസ്ഥാനമാണ്.
നാളത്തെ മന്ത്രിസഭ യോഗത്തില്‍ ശ്രീജേഷിനുള്ള പാരിതോഷികവും മറ്റ് പ്രത്സാഹനങ്ങളും തീരുമാനിക്കും. സര്‍ക്കാരിന്റെ നയം അതാണ്. നടപടി ക്രമങ്ങള്‍ അനുസരിച്ച് മാത്രമേ സര്‍ക്കാര്‍
എല്ലാ കാര്യങ്ങളും നടത്തുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി. ഒളിംപക്‌സില്‍ ശ്രീജേഷ് മെഡല്‍ നേടിയ ശേഷം മന്ത്രിസഭ യോഗം ചേര്‍ന്നിട്ടില്ല. മന്ത്രിസഭ യോഗമാണ് ഇത്തരത്തിലുള്ള
പ്രഖ്യാപനങ്ങളെല്ലാം തീരുമാനിക്കുന്നത്. കായിക താരങ്ങള്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്.
ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പോയ മലയാളി താരങ്ങള്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാര്‍ സാധനങ്ങള്‍ വാങ്ങാന്‍ 5 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയിരുന്നു. മറ്റ് സൗകര്യങ്ങളും കായിക
താരങ്ങള്‍ക്ക് ഒരുക്കി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ശ്രീജേഷ് കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. അതും കൂടി പരിഗണിക്കണം. അദ്ദേഹത്തിന് ജോലി നല്‍കി നമ്മള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഒരു സര്‍ക്കാരിന്റെ നയം തീരുമാനിക്കുന്നത്
മന്ത്രിസഭ യോഗത്തിലാണ്. നമ്മള്‍ ഒന്നും കൊടുത്തില്ലെന്ന് പറയുന്നത് തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണ്. അതിനോടൊന്നും പ്രതികരിക്കാനില്ലെന്നും മന്ത്രി വ്യക്തമാക്കി.