ജപ്പാന്‍ തീരത്ത് ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു. ക്രിംസണ്‍ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടതെന്നും ജീവനക്കാരെ ഒന്നടങ്കം രക്ഷപ്പെടുത്തിയതായും ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ചയാണ് അപകടം. ജപ്പാന്റെ വടക്കന്‍ തീരത്തെ ഹച്ചിനോഹെ തുറമുഖത്ത് തീരത്തെ മണല്‍ത്തിട്ടയിലാണ് കപ്പല്‍ ഇടിച്ച് പിളര്‍ന്നത്. ചൈന, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള 21 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്.
ഇടിയുടെ ആഘാതത്തില്‍ കപ്പലില്‍നിന്നു ചോര്‍ന്ന എണ്ണ, കടലില്‍ 24 കിലോമീറ്റര്‍ ദൂരത്തേക്ക് പരന്നത് മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നമുയര്‍ത്തിയിട്ടുണ്ട്. എണ്ണ ചോരുന്നത് നിയന്ത്രിക്കാനുള്ള ശ്രമം തുടരുന്നുണ്ട്.
എന്നാല്‍ എത്രത്തോളം എണ്ണ ചോര്‍ന്നുവെന്ന കാര്യം വ്യക്തമല്ല. കപ്പലിന്റെ പിന്‍ഭാഗം മേല്‍പ്പോട്ട് പൊങ്ങിനില്‍ക്കുന്നതായും ബാക്കിയുള്ളഭാഗം ചെരിഞ്ഞുകിടക്കുന്നതും ആകാശചിത്രങ്ങളില്‍ ദൃശ്യമാണ്. കപ്പല്‍ പിളര്‍ന്നതിനു പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്ന് പട്രോള്‍ ബോട്ടുകളും മൂന്ന് എയര്‍ക്രാഫ്റ്റുകളും മേഖലയിലെത്തിയിരുന്നു.