ഫ്ലാറ്റില്‍ നിന്ന് ഒരു കോടി രൂപ വില വരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്‍റ് സക്വാഡും കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 90 ഗ്രാം എം.ഡി.എം.എയും ഒരു കാറും മൂന്ന് വിദേശ
നായ്ക്കളെയും പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫാബാസ്, ഷംന, കാസര്‍കോട് സ്വദേശികളായ അജു എന്ന അജ്മല്‍, മുഹമ്മദ് ഫൈസല്‍, എറണാകുളം സ്വദേശി മുഹമ്മദ് അഫ്സല്‍,
തൈബ എന്നിവരെ കസ്റ്റഡിയിലെടുത്തു. ചെന്നൈയില്‍ നിന്ന് ആഡംബര കാറില്‍ കുടുംബസമേതമെന്ന രീതിയില്‍ സ്ത്രീകളും വിദേശ ഇനത്തില്‍പെട്ട നായ്ക്കളുടെയും മറവില്‍ ചെക് പോസ്റ്റുകളിലും
വാഹന പരിശോധനകളിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് മയക്കുമരുന്ന് കടത്തി കേരളത്തില്‍ വിതരണം ചെയ്യുന്ന വന്‍ സംഘമാണ് പിടിയിലായത്. എറണാകുളത്ത് വിവിധ സ്ഥലങ്ങളില്‍
ഫ്ലാറ്റുകള്‍ വാടകക്ക് എടുത്താണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ആന്‍റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ശങ്കറിന്‍റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു.