പിഞ്ചുകുഞ്ഞിൻ്റെ തൊണ്ടയില്‍ കുടുങ്ങിയ സേഫ്റ്റി പിന്‍ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ ശിഹാബുദ്ദീന്‍ സുലേഖ
ദമ്ബതികളുടെ10 മാസം പ്രായമായ മകന്റെ തൊണ്ടയില്‍ കുടുങ്ങിയ പിന്‍ ആണു ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ പുറത്തെടുത്തത്. തുറന്നിരുന്ന പിന്‍ ആയതിനാല്‍
കുട്ടിയുടെ വായ അടയ്ക്കാന്‍ കഴിഞ്ഞില്ല. നിര്‍ത്താതെകരഞ്ഞ കുട്ടി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്തു.
ആദ്യം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്‍ കൂടുതല്‍ ഉള്ളിലേക്കുപോവുകയാണ് ചെയ്തത്. ഉടന്‍ തന്നെ കുട്ടിക്ക് പൂര്‍ണ അനസ്തേഷ്യനല്‍കി ലാറിന്‍ഗോസ്കോപ്പിലൂടെ പിന്‍ വിജയകരമായി പുറത്തെടുത്തു.
കളിക്കുന്നതിനിടെ കുഞ്ഞ് പിന്‍ വിഴുങ്ങുകയായിരുന്നു. പിന്നിന്റെ മുകള്‍ ഭാഗം മുക്കിന്റെ പിന്നിലേക്കും കൂര്‍ത്ത ഭാഗം ശ്വാസനാളത്തിന്റെ മുകളിലും തറച്ചിരുന്നതു കൊണ്ടാണു വായ അടയ്ക്കാന്‍ കഴിയാതിരുന്നതെന്നു
ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടയ്ക്ക് കുട്ടിയുടെ കരച്ചില്‍ ഒഴിവാക്കാനായി പാല്‍ നല്‍കിയത് കൂടുതല്‍ സങ്കീര്‍ണതയിലേക്ക് എത്തിച്ചെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇ.എന്‍.ടി., ക്രിട്ടിക്കല്‍ കെയര്‍, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധരുടെ ഏകോപനമാണ് ശസ്ത്രക്രിയ വിജയകരമാക്കിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കുഞ്ഞുങ്ങള്‍ക്ക് തിരിച്ചറിവാകുന്ന പ്രായം വരെ മാതാപിതാക്കള്‍ ധാരാളം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി സൂചിപ്പിക്കുന്നത്.
- ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് സേഫ്റ്റി പിന്‍, ബ്ലേഡ് പോലെ അപകടകരമായ വസ്തുക്കളൊന്നും തന്നെ കുഞ്ഞുങ്ങള്‍ക്ക് കിട്ടത്തക്ക രീതിയില്‍ അലക്ഷ്യമായി വീട്ടിനകത്തോ പരിസരത്തോ ഇടരുത് എന്നതാണ്. വീട്ടില്‍ വരുന്ന സന്ദര്‍ശകരും ഈ ശ്രദ്ധ പുലര്‍ത്തുന്നുണ്ടോയെന്നത് വീട്ടുകാര്‍ തന്നെ നിരീക്ഷിക്കേണ്ടതുമുണ്ട്.
- ഇത്തരം വസ്തുക്കള്‍ക്കായി കുഞ്ഞുങ്ങള്‍ വാശി പിടിച്ചുകരയുമ്പോള്‍ ഇവ അപകടമുണ്ടാക്കുന്നതാണെന്ന തരത്തില്‍ ഭയപ്പെടുത്തി തന്നെ വേണം അവയെ കുഞ്ഞുങ്ങളില്‍ നിന്ന് മാറ്റിവയ്ക്കാന്‍. വെറുതെ പിടിച്ചുമാറ്റി വയ്ക്കുമ്പോള്‍ അവയിലേക്ക് കുഞ്ഞുങ്ങള്‍ക്ക് കൗതുകം കൂടാന്‍ സാധ്യതയുണ്ട്. മാതാപിതാക്കളുടെയോ മറ്റ് മുതിര്‍ന്നവരുടെയോ കണ്ണില്‍ പെടാതെ ഇവ എത്തിപ്പിടിക്കാന്‍ കുഞ്ഞ് കൂടുതലായി ശ്രമിക്കുകയും ചെയ്‌തേക്കാം.
- അസാധാരാണമായി കുഞ്ഞുങ്ങള്‍ കരയുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കുഞ്ഞിനെ പരിശോധിക്കേണ്ടതുണ്ട്. കരച്ചില്‍ നിര്‍ത്താത്തപക്ഷം ആശുപത്രിയിലെത്തിക്കുകയും വേണം.
- ഒരു കാരണവശാലും കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ സ്വയം ചികിത്സ നടത്താന്‍ ശ്രമിക്കരുത്. കുഞ്ഞുങ്ങള്‍ ചുമയ്ക്കുകയോ മറ്റെന്തെങ്കിലും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയോ ചെയ്യുമ്പോള്‍ മുതുകില്‍ തട്ടുക, തല കീഴാക്കി പിടിക്കുക തുടങ്ങിയ പ്രയോഗങ്ങള്‍ക്കൊന്നും മുതിരാതിരിക്കുക. എത്രയും പെട്ടെന്ന് അവരെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്.
- കുഞ്ഞുങ്ങളെ ദീര്‍ഘസമയത്തേക്ക് ശ്രദ്ധയില്ലാതെ വിടരുത്. അവര്‍ തനിച്ചിരുന്ന് കളിച്ചോളുമെന്ന് പറഞ്ഞാലും ഇടവിട്ട് അവരെ ശ്രദ്ധിക്കുകയും, അടുത്തുപോയി പരിശോധിക്കുകയും വേണം. പലവിധത്തിലുള്ള അപകടങ്ങളിലേക്കും കുഞ്ഞുങ്ങള്‍ എത്താം. അതിനാല്‍ തന്നെ എപ്പോഴും അവരിലേക്ക് ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. മുതിര്‍ന്നവരുടെ അശ്രദ്ധ മൂലം കുഞ്ഞുങ്ങള്‍ക്ക് ഒരുപകടവും സംഭവിക്കാതിരിക്കട്ടെ.