Breaking News

ഉത്ര കേസ്: പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ നിർണായക പരിശോധനാ ദൃശ്യങ്ങൾ പുറത്ത്..

കൊല്ലത്ത് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ നിർണായക പരിശോധനാ ദൃശ്യങ്ങൾ പുറത്ത്. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിക്കുന്നതിൻ്റെ ഡമ്മി പരിശോധയുടെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

പ്രോസിക്യൂഷൻ തെളിവായി ഈ ദൃശ്യങ്ങളും സമർപ്പിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ കുറ്റാന്വേഷണ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം നടന്ന കൊലപാതകത്തിലെ നിർണായക പരിശോധന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ വർഷം വനം വകുപ്പിൻ്റെ അരിപ്പ സ്റ്റേറ്റ് ട്രെയിംനിംഗ്‌ സെൻററിലായിരുന്നു ഡമ്മി പരിശോധന. പാമ്പ് സ്വാഭാവികമായി കടിക്കുന്നതും ഒരാൾ പിടിച്ചു കടിപ്പിക്കുന്നതും തമ്മിലെ വ്യത്യാസമാണ് പ്രധാനമായും പരിശോധിച്ചത്.

രണ്ട് മുറിവുകളിലെയും ആഴം തമ്മിലുള്ള വ്യത്യാസം കണ്ടെത്തി അന്വേഷണ സംഘം കൊലപാതകമെന്നത് ഉറപ്പിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ, തഹസിൽദാർ, സർപ്പ പഠന വിദഗ്ദ്ധൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

കൃത്രിമ കൈയിലെ ഇറച്ചി കഷണത്തിൽ കടിപ്പിച്ചായിരുന്നു പരിശോധന. ഉത്രയുടെ കൈയിൽ രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. ഇത്രയും അകലത്തിൽ സ്വാഭാവികമായി കടിക്കാറില്ല.

രാത്രി സമയത്ത് മൂർഖൻ പാമ്പിന് ആക്രമണോത്സുകത കുറയുകയും ചെയ്യും. ഇക്കാര്യങ്ങളും ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

2020 ഓഗസ്റ്റിൽ തയാറാക്കിയ കുറ്റപത്രത്തിലെ പ്രധാന പരാമർശങ്ങൾ ഇവയാണ്:

സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിച്ചു.

ഉത്രയ്ക്ക് സ്ത്രീധനമായി നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് ഉത്രയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സൂരജിനെ എത്തിച്ചത്.

ഉത്രയുടെ ബന്ധുക്കൾ സ്ത്രീധന തുക തിരികെ ചോദിച്ച ദിവസം മുതൽ കൊലപാതകത്തിനു വേണ്ടിയുള്ള ആസൂത്രണം സൂരജ് ആരംഭിച്ചു. സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കുകയായിരുന്നു സൂരജിന്‍റെ ലക്ഷ്യം.

ഉത്ര കൊല്ലപ്പെട്ടാലും അവരുടെ വീട്ടിൽ നിന്ന് പണം ലഭിക്കാൻ സാധ്യതയുണ്ടെന്നും സൂരജ് കരുതി .

താനാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പിനോടും സൂരജ് സമ്മതിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയായിരുന്നു കേസ് അന്വേഷണമെന്നും കുറ്റപത്രത്തിൽ പരാമർശം.

പാമ്പ് പിടുത്തക്കാരൻ സുരേഷ് മാപ്പ് സാക്ഷിയായി. കേസിൽ സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രനെ പ്രതിയാക്കിയെങ്കിലും കൊലപാതക പങ്കാളിത്തത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ കൊലപാതകകേസിൽ സുരേന്ദ്രനെ നിലവിൽ പ്രതിയാക്കിയിട്ടില്ല. ആയിരത്തിലധികം പേജുകൾ ഉള്ളതാണ് കുറ്റപത്രം. 217 സാക്ഷിമൊഴികളും 303 തെളിവുകളും ഉൾപ്പെടുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …