കോണ്‍ഗ്രസിലെ പുതിയ നേതൃത്വത്തോടുളള അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും തീരുമാനമെടുക്കുമ്ബോള്‍ ഉമ്മന്‍ചാണ്ടിയോടും ആലോചിക്കണമായിരുന്നെന്നും ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ ഈ പരസ്യമായ അഭിപ്രായ പ്രകടനം. ചടങ്ങില്‍ പങ്കെടുത്ത കെ.സി ജോസഫും ചെന്നിത്തലയെ പിന്താങ്ങി എന്നതും ശ്രദ്ധേയമായി.
താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്നപ്പോള്‍ ധാര്‍ഷ്‌ട്യം കാണിച്ചിട്ടില്ലെന്നും അച്ചടക്ക നടപടി മുന്‍കാല പ്രാബല്യത്തില്യത്തിലായിരുന്നെങ്കില്‍ ഇന്ന് പലരും പാര്‍ട്ടിയില്‍ ഉണ്ടാകില്ലായിരുന്നെന്നും നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തെ കുത്തി ചെന്നിത്തല സൂചിപ്പിച്ചു.
താന്‍ ഈ പാര്‍ട്ടിയിലെ നാലണ മെമ്ബര്‍ മാത്രമാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി അങ്ങനെയല്ല. അദ്ദേഹം എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെന്നും സംഘടനാ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയോട് ആലോചിക്കാനുളള ബാദ്ധ്യത എല്ലാവര്‍ക്കുമുണ്ടെന്നും ചെന്നിത്തല സൂചിപ്പിച്ചു. തന്നെ മുതിര്‍ന്ന നേതാക്കള്‍ എന്ന് പലരും പറയുന്നു. തനിക്ക് അധികം പ്രായമായിട്ടില്ല. 63 വയസ് മാത്രമാണുളളത്. തന്നെ അങ്ങനെ പറയുന്ന പലരും 74-75 വയസ് എത്തിയവരാണെന്നും ചെന്നിത്തല പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെയും തന്റെയും കാലത്ത് എല്ലാവരെയും ഒന്നിച്ചാണ് മുന്നോട്ട് കൊണ്ടുപോയത്. ധാര്‍ഷ്‌ട്യത്തിന്റെ ഭാഷ ഉപയോഗിച്ചില്ല. കെ.കരുണാകരനെയും മുരളീധരനെയും തിരികെ കൊണ്ടുവന്നതടക്കം ആ സമയത്താണ്.
ഉമ്മന്‍ചാണ്ടിക്കെതിരെ അഭിപ്രായം പറഞ്ഞവരെ വിമര്‍ശിച്ച കെ.സി ജോസഫ് അച്ചടക്കം വണ്‍വേ ട്രാഫിക് ആകരുതെന്ന് പറഞ്ഞു. മേയ് രണ്ട് കഴിഞ്ഞപ്പോള്‍ അതുവരെ മികച്ച പ്രകടനം നടത്തിയ ചെന്നിത്തല പലര്‍ക്കും ആരുമല്ലാതായെന്നും അദ്ദേഹം വിമര്‍ശിച്ചു.