മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിനെതിരെ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ നടന്ന ഞായറാഴ്ച തമിഴ്‌നാട് സേലത്ത് പത്തൊന്‍പതുകാരന്‍ പരീക്ഷാപേടിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് നീറ്റ് പരീക്ഷയ്‌ക്കെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്.
കൊവിഡ് സാഹചര്യത്തില്‍ നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന് കരുതിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നന്നായി തയാറെടുക്കാന്‍ കഴിഞ്ഞില്ലെന്നും നീറ്റിനെതിരായ പ്രമേയത്തെ പിന്തുണയ്ക്കുന്നെന്നും മുന്‍മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു. ‘പരീക്ഷ നടക്കുമോ എന്ന കാര്യത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയിലായിരുന്നു.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുത്തിരുന്നില്ല. പത്തൊന്‍പതുകാരന്റെ ആത്മഹത്യക്കു കാരണവും ഇതാണ്’. എഐഎഡിഎംകെ നേതാവ് പ്രതികരിച്ചു. ഞായറാഴ്ച രാവിലെയാണ് സേലത്ത് പത്തൊന്‍പതുകാരനായ ധനുഷ് ആത്മഹത്യ ചെയ്തത്. പരീക്ഷാ പേടി കാരണം കുറച്ചുദിവസങ്ങളായി ധനുഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയാണ്.