ആറ് മാസം മുന്‍പ് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി. പാവറട്ടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ പതിനേഴുകാരന്റെ മൃതദേഹമാണ് അടഞ്ഞുകിടക്കുന്ന ഒരു വീട്ടില്‍ കണ്ടെത്തിയത്. അമ്മയ്‌ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കില്‍ പോയ പതിനേഴുകാരനെ അവിടെനിന്നുമാണ് കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായത്.
തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിനടുത്തുള്ള പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ 15 വര്‍ഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പതിനേഴുകാരന്റെ വീട്ടില്‍നിന്ന് 10 കിലോമീറ്ററിനുള്ളിലുള്ള ഈ വീട്ടില്‍ ആറ് മാസത്തിലേറെയായി ആരും കയറിയിട്ടില്ല.
ഹോട്ടല്‍ നടത്തുന്നതിന് സ്ഥലംനോക്കിയെത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്. ഡിഎന്‍എ പരിശോധനയ്ക്കു ശേഷം മാത്രമേ മൃതദേഹം പതിനേഴുകാരന്റേത് തന്നെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളു. എടിഎം കാര്‍ഡും മൊബൈല്‍ ഫോണും പതിനേഴുകാരന്റെ ഫോട്ടോകളും മൃതദേഹത്തിനൊപ്പം കണ്ടെത്തിയിട്ടുണ്ട്.
സിം കാര്‍ഡ് ഒടിച്ചു മടക്കിയ നിലയിലായിരുന്നു. ചുമരില്‍ ഫോണ്‍ നമ്ബറും വിലാസവും എഴുതിയിട്ടുണ്ട്. ഇത് പതിനേഴുകാരൻ എഴുതിയതെന്ന് ബന്ധു തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 18ന് എടിഎം കാര്‍ഡിനു തകരാര്‍ ഉണ്ടെന്നു പറഞ്ഞതിനെ തുടര്‍ന്ന് അതു പരിഹരിക്കാന്‍ അമ്മ പതിനേഴുകാരനെ കൂടെ കൂട്ടുകയായിരുന്നു.
ഇരുവരുടെയും അക്കൗണ്ടുകള്‍ രണ്ടു ബാങ്കുകളിലായിരുന്നു.സ്വന്തം അക്കൗണ്ടുള്ള ബാങ്കിലെ ഇടപാടു തീര്‍ത്ത് അമ്മ അടുത്ത ബാങ്കിലേക്കു പോകാനായി എത്തിയപ്പോഴാണു പുറത്തു നിന്നിരുന്ന പതിനേഴുകാരനെ കാണാതായത്.