ചെങ്ങളായി തേര്‍ളായി മുനമ്ബത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സ്കൂള്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തേര്‍ളായിയിലെ കെ.വി.ഹാഷിം-കെ.സാബിറ ദമ്ബതികളുടെ മകന് കെ. അന്‍സബി (16) ആണ് മരിച്ചത്.
കാണാതായ സ്ഥലത്തിന്റെ അടിത്തട്ടില്‍ ചെളിയില്‍ പുതഞ്ഞ നിലയിലായാരിന്നു മൃതദേഹം. തളിപ്പറമ്ബില് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ശ്രീകണ്ഠപുരം പോലീസും നാട്ടുകാരും ചേര്‍ന്ന് ഞായറാഴ്ച വൈകുന്നേരം തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീമും തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങില്‍ നിന്നെത്തിയ സേനയുടെ മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും ചേര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചില്‍ 7.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാ സേന ഓഫീസര്‍ പി.വി. അശോകന്, അസി. ഓഫീസര്‍ ടി. അജയന്, ശ്രീകണ്ഠപുരം ഇന്‍സ്പെക്ടര്‍ ഇ.പി. സുരേശന്, എസ്ഐ സുബീഷ്മോന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. തേര്‍ളായി മദ്രസയിലെ പൊതുദര്‍ശനത്തിന് ശേഷം ഇന്ന് വൈകുന്നേരം മൃതദേഹം തേര്‍ളായി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.
ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. കൂട്ടുകാരായ മൂവര്‍ സംഘത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥി. തുടര്‍ന്ന് മറുകരയായ കോറളായി ദ്വീപിലേക്ക് എല്ലാവരും നീന്തുന്നതിനിടെ അന്‍സബ് ഒഴുക്കില്‍പ്പെടുകയായിരുന്നു.
കുമാത്തര് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ഇത്തവണ എസ്എസ്എല്‍സി കഴിഞ്ഞ അന്‍സബ് പ്ലസ് വണ്‍ അഡ്മിഷന് വേണ്ടി കാത്തിരിക്കയായിരുന്നു. സഹോദരങ്ങള്‍: അന്‍സില, മുഹമ്മദ്.