യുവാവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ. ബിഹാറിൽ അനധികൃത മദ്യക്കച്ചവടം നടത്തുന്ന രാകേഷി(30)നെയാണ് ഭാര്യ രാധയും കാമുകൻ സുഭാഷും ചേർന്ന് കൊലപ്പെടുത്തിയത്. രാധയുടെ സഹോദരിയുടെയും അവരുടെ ഭർത്താവിന്റെയും സഹായത്തോടെയായിരുന്നു കൊലപാതകം.
ഇയാളുടെ മൃതദേഹം രാസവസ്തുക്കൾ ഉപയോഗിച്ച് അലിയിപ്പിച്ച് കളയാൻ ശ്രമിക്കുന്നതിനിടെ ഫ്‌ളാറ്റിൽ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. ഇതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ബിഹാറിലെ സിക്കന്ദർപുർ നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. അനധികൃത മദ്യവിൽപ്പന നടത്തുന്നയാളാണ് രാകേഷ്. മദ്യ നിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് അധികൃതരെ വെട്ടിച്ച് മദ്യം എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ പതിവ്.
പൊലീസിന്റെ കണ്ണിൽപ്പെടാതിരിക്കാൻ രഹസ്യ കേന്ദ്രത്തിലായിരുന്നു രാകേഷ് താമസിച്ചിരുന്നത്. മിക്കപ്പോഴും താമസം രഹസ്യ കേന്ദ്രങ്ങളിലായതിനാൽ ബിസിനസ് പങ്കാളിയായ സുഭാഷിനെയാണ് വീട്ടിലെ കാര്യങ്ങൾ നോക്കാനായി ചുമതലപ്പെടുത്തിയിരുന്നത്. ഇതോടെ സുഭാഷും രാധയും പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് രാകേഷിനെ ഒഴിവാക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
രകേഷിനെ കൊലപ്പെടുത്തണമെന്ന് സഹോദരിയെയും സഹോദരീ ഭർത്താവിനെയും രാധ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാധ ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രാകേഷിനെ നാലുപേരും ചേർന്ന് കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം സുഭാഷ് മൃതദേഹം കഷണങ്ങളാക്കി വെട്ടിനുറുക്കുകയും ഫ്‌ളാറ്റിനുള്ളിൽവച്ച് തന്നെ രാസവസ്തുക്കൾ അത് അലിയിപ്പിച്ച് കളയാനും ശ്രമിക്കുകയായിരുന്നു. എന്നാൽ രാസവസ്തുക്കൾ ഒഴിച്ചതോടെ പൊട്ടിത്തെറിയുണ്ടായി.ശബ്ദം കേട്ട് അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.