ചൊവ്വാഴ്ച പഞ്ചാബ് കിങ്സിനെതിരായ ഐ.പി.എല്‍ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണിന് പിഴ.ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് 12 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴയിട്ടത്. അവസാന ഓവറിലെ കാര്‍ത്തിക്ക് ത്യാഗിയുടെ മാരകമായ ബൗളിങ് മികവില്‍ പഞ്ചാബിനെ റോയല്‍സ് രണ്ടുറണ്‍സിന് തോല്പിച്ചിരുന്നു.
അവസാന ഓവറില്‍ വെറും നാലുറണ്‍സ് മതിയായിരുന്ന പഞ്ചാബ് എളുപ്പം വിജയിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ യു.പിക്കാരനായ 20കാരന് ഉജ്വല ബൗളിങ്ങിലൂടെ കളിതിരിച്ചു. 11.5 ഒാവറില്‍ മായങ്ക് അഗര്‍വാളിന്റെയും (67) കെ.എല്‍. രാഹുലിന്റെയും (47) മികവില്‍ 120 റണ്‍സെന്ന നിലയില്‍ നിന്നാണ് പഞ്ചാബ് തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്.
എയ്ഡന്‍ മാര്‍ക്രം(26*) നികോളസ് പുരാന് (32) എന്നിവര്‍ നന്നായി ബാറ്റുവീശിയെങ്കിലും പഞ്ചാബ് പടിക്കല്‍ കലമുടച്ചു. കാര്‍ത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. രണ്ടു നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയതിന് പുറമെ മൂന്നു ഡോട്ട് ബാളുകളും ത്യാഗി എറിഞ്ഞതോടെ വിജയം രാജസ്ഥാന് സ്വന്തമാക്കുകയായിരുന്നു.
നിക്കൊളാസ് പുരാന്, ദീപക് ഹൂഡ (0) എന്നീ വന്തോക്കുകളെയാണ് ത്യാഗി പുറത്താക്കിയത്. ആദ്യ മൂന്നോവറില്‍ 28 റണ്‍സ് വഴങ്ങിയതിന് ശേഷമാണ് നാലാംഓവറില്‍ ത്യാഗി ഗംഭീര തിരിച്ചുവരവ് നടത്തിയത്.