പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഉടന്‍ റിലീസ് ചെയ്യില്ലെന്ന് വിവരം. സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നാലും എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്തി പ്രദര്‍ശനം ഉണ്ടാവില്ല. ഇത് പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കില്ല. സ്ഥിതിഗതികള്‍ അനുകൂലമായതിന് ശേഷം മാത്രം ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് തീരുമാനം.
പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ, മലയാളത്തിലെ തന്നെ എറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാര്‍. റിലീസിംഗിന് തയ്യാറായിരുന്നെങ്കിലും കോവിഡിനെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചത് വലിയ തിരിച്ചടിയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് റിലീസും നീണ്ടുപോയത്. ചിത്രം ഒടിടി വഴി റിലീസ് ചെയ്യില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കുറഞ്ഞത് 600 സ്‌ക്രീനുകളിലെങ്കിലും ചിത്രം പ്രദര്‍ശിപ്പിയ്ക്കും.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി കണക്കിലെടുത്താവും റിലീസ്. 100 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍, സന്തോഷ് ടി. കുരുവിള, റോയ് സി.ജെ. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.