സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് മുതൽ ആരംഭിക്കും. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പ്രവേശനം നടക്കുക. ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്‌ഷന്‍ ലഭിച്ചവര്‍ സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്‌ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് ഫീസ് അടയ്ക്കാതെ താല്‍ക്കാലിക പ്രവേശനം നേടാമെന്നും അധികൃതര്‍ അറിയിച്ചു.
സീറ്റ് ക്ഷാമം രൂക്ഷമായതോടെ ആശങ്കകള്‍ക്കിടയിലാണ് ഇത്തവണ പ്രവേശന നടപടികള്‍ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. സീറ്റ് ക്ഷാമം രൂക്ഷമായത് വെല്ലുവിളി നിലനിര്‍ത്തുന്ന സര്‍ക്കാര്‍ ഉടനടി വിഷയത്തില്‍ പരിഹാരം കാണണമെന്ന ആവശ്യമാണ് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും ഉയരുന്നത്.
4,65,219 അപേക്ഷകരില്‍ 2,18,418 പേര്‍ക്കാണ് ആദ്യ ആലോട്ട്‌മെന്റില്‍ ഇടം നേടാന്‍ ആയത്. 52,718 മെറിറ്റ് സീറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ടയില്‍ മാത്രമാണ് ഇനി അഡ്മിഷന്‍ സാധിക്കുക. അരലക്ഷം സീറ്റിന് വേണ്ടി രണ്ട് ലക്ഷത്തിലധികം പേരാണ് കാത്തു നില്‍ക്കുന്നത്. സീറ്റ് ക്ഷാമം ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
തിരുവനന്തപുരത്തും, പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളിലും 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ സീറ്റ് ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഇഷ്ടപ്പെട്ട സ്‌കൂളും, കൊമ്ബിമേഷനും ലഭിക്കാത്തവരും ഏറെയാണ്. തുടര്‍ പഠന സ്വപ്നങ്ങള്‍ മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.
അതിനിടെ സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിലെ മാനദണ്ഡങ്ങളില്‍ ഇന്ന് തീരുമാനമാവും. കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ന് ഉന്നതതല യോഗം വിഷയം ചര്‍ച്ച ചെയ്യുന്നത്. വിദ്യാഭ്യാസ- ആരോഗ്യ മന്ത്രിമാരുടെ നേതൃത്വത്തിലാണ് ചര്‍ച്ച.