യുവതിയുടെ അധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് വായ്പ എടുത്ത സംഭവത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍. വള്ളികുന്നം കാമ്ബിശേരി ജങ്ഷനില്‍ അര്‍ച്ചന ഫൈനാന്‍സിയേഴ്സ് ഉടമയാണ് അറസ്റ്റിലായത്. താളീരാടി കോതകരക്കുറ്റിയില്‍ കോളനിയിലെ എസ്.ആര്‍. അഞ്ജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പണയം വെക്കാനായി ഇവര്‍ നല്‍കിയ ആധാര്‍ കാര്‍ഡിെന്‍റ പകര്‍പ്പ് ദുരുപയോഗം ചെയ്ത് ചൂനാട് കാത്തലിക് സിറിയന്‍ ബാങ്കില്‍ നിന്നും സ്വര്‍ണ പണയത്തില്‍ പണം വാങ്ങിയതാണ് പ്രശ്നമായത്.
സ്വര്‍ണ ഉരുപ്പടി തിരികെ എടുക്കണമെന്ന് കാണിച്ച് അഞ്ജുവിന് ബാങ്കില്‍ നിന്നും നോട്ടീസ് ലഭിച്ചതാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. കൂടുതല്‍ അന്വേഷണത്തില്‍ ഇവരുടെ പേരില്‍ നിരവധി തവണ ഇടപാട് നടത്തി ലക്ഷങ്ങള്‍ വായ്പ വാങ്ങിയതായി കണ്ടെത്തിയിരുന്നു. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്ലാതെ രണ്ട് ലക്ഷം രൂപ വരെ വായ്പ എടുക്കാമെന്ന ബാങ്ക് വ്യവസ്ഥയാണ് ഇയാള്‍ ദുരുപയോഗം ചെയ്തത്.
പണയ ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് അഞ്ജു എന്ന് ബാങ്ക് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. പരാതിയെ തുടര്‍ന്ന് സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ രേഖകളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ വിജയന്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും പൊലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.