Breaking News

കനത്ത മഴ; പേപ്പാറ, അരുവിക്കര, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ തുറന്നു; ജാ​ഗ്രതാ നിര്‍ദ്ദേശം…

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പേപ്പാറ, അരുവിക്കര, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ തുറന്നു. വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതിനെ തുടര്‍ന്നു പേപ്പാറ ഡാമിലെ നാലു ഷട്ടറുകളും ഉയര്‍ത്തി. ഒന്ന് നാല് ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതവും രണ്ട്, മൂന്ന് ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതവുമാണു ഉയര്‍ത്തിയത്.

ഫലത്തില്‍ 30 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ കരമനയാറിന്റെ തീരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 108.45 മീറ്റര്‍ ആണു ഡാമിലെ നിലവിലത്തെ ജല നിരപ്പ്. 110.5 മീറ്റര്‍ ആണു പരമാവധി സംഭരണ ശേഷി. 109.5 സെന്റി മീറ്റര്‍ വരെ സംരക്ഷിച്ചു നിര്‍ത്താന്‍ അനുമതിയുണ്ട്. ഉള്‍ വന പ്രദേശങ്ങളില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയേക്കും.

കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജല അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി മുതലുള്ള കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിലെ ആറ് ഷട്ടറുകളില്‍ നാലെണ്ണം 320 സെന്റീമീറ്റര്‍ ഉയര്‍ത്തി. മൂന്നും നാലും അഞ്ചും ഷട്ടറുകള്‍ 100 സെന്റീമീറ്റര്‍ വീതവും രണ്ടാമത്തെ ഷട്ടര്‍ 20 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്.

മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വീണ്ടും വര്‍ധിക്കുകയാണെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരും. ഡാമിന്റെ സമീപത്തും കരമന ആറിന്റെ തീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.

പേപ്പാറ ഡാമിലെ നാല്‌ ഷട്ടറുകളും തുറന്നിട്ടുണ്ട്. ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …