ഇടുക്കി കൊക്കയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലും ആള്‍നാശവും കനത്ത നഷ്ടങ്ങളും വിതച്ചിരിക്കുകയാണ്. 4 കുട്ടികള്‍ അടക്കം ഏഴു പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. പൂവഞ്ചിയില്‍ 5 പേരും, നാരകംപുഴയില്‍ ഒരാളെയും മാക്കോച്ചിയില്‍ ഒരാളെയുമാണ് കാണാതായത്. 17 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് തിരിച്ചു. പൂവഞ്ചി – മാക്കോച്ചി റോഡ് തകര്‍ന്നു.
അഞ്ചു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂട്ടിക്കലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കു നാട്ടുകാര്‍ കാവലിരിക്കുകയാണ്. വാഹനങ്ങള്‍ കടന്നുപോകാത്തതിനാല്‍ മൃതദേഹങ്ങള്‍ സ്ഥലത്തുനിന്നും മാറ്റാന്‍ പോലും കഴിഞ്ഞിട്ടില്ല. സംഭവ സ്ഥലത്തേയ്ക്ക് രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്തതും ഇവിടെയുള്ളവര്‍ക്ക് പുറത്തേയ്ക്ക് പോകാന്‍ കഴിയാത്തതുമാണ് പ്രശ്നം. നിലവില്‍ 6 മൃതദേഹങ്ങള്‍ക്കു കാവലിരിക്കുകയാണ് നാട്ടുകാര്‍.
കൂട്ടിക്കല്‍ പഞ്ചായത്തിലെ കാവാലി , പ്ലാപ്പള്ളി എന്നിവടങ്ങളില്‍ നിന്നായി 6 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടലുണ്ടായതിന് 3 കി.മീ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ളം കയറിയപ്പോള്‍ മരച്ചില്ലകളില്‍ അള്ളി പിടിച്ച് നിലവിളിച്ച ആളുകളെ രക്ഷിക്കാന്‍ അവര്‍ക്ക് അരികിലേയ്ക്ക് എത്താന്‍പോലും കഴിയാത്ത ശക്തമായ ഒഴുക്കും വെള്ളം കയറ്റവുമായിരുന്നു ഇവിടെ.