തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ജില്ലയില്‍ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാലയാത്ര ഒക്ടോബര്‍ 16 മുതല്‍ 18 വരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
വൈകീട്ട് 7 മുതല്‍ രാവിലെ 6 വരെയാണ് നിരോധനം. കൂടാതെ വയല്‍, മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ ഉള്ളവര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് ബന്ധു വീടുകളിലേക്കോ ക്യാമ്ബുകളിലേക്കോ മാറി താമസിക്കണം. പുഴയില്‍ ഇറങ്ങുന്നതും കുളിക്കുന്നതും മത്സ്യബന്ധനം നടത്തുന്നതും നിരോധിച്ചു. കടലിലുള്ള മത്സ്യബന്ധനത്തിന് ബോട്ടുകള്‍ പോകരുത്.
മണ്ണെടുപ്പ്, ഖനനം, മണലെടുപ്പ് എന്നിവയും ഒക്ടോബര്‍ 18 വരെ അനുവദനീയമല്ല. നദീതീരങ്ങള്‍, പാലം, മലഞ്ചേരിവ്, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ വിനോദത്തിന് പോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യം കണക്കിലെടുത്ത് തൃശൂരില്‍ ഷോളയാര്‍ ഡാം ഒഴികെയുള്ള എല്ലാ ഡാമുകളും തുറന്ന്
വെള്ളം ഒഴുക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജലാശയങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കൂടാതെ കുട്ടികള്‍ തോടിലും വെള്ളക്കെട്ടിലും ഇറങ്ങുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.