കൊണ്ടോട്ടി കോട്ടുക്കരയില്‍ പെണ്‍കുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന് പൊലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരനാണ് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പെണ്‍കുട്ടി നല്കിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെ പ്രതി കല്ലുകൊണ്ട് ഇടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു.
കുതറി രക്ഷപെട്ട പെണ്‍കുട്ടി നൂറുമീറ്റര്‍ അകലെയുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയതുകൊണ്ടാണ് രക്ഷപെട്ടത്. സമീപത്തെ രണ്ട് വീടുകളിലും ആള്‍താമസമില്ലെന്നും ഇതറിയാവുന്ന ആളാണ് പ്രതിയെന്നുമായിരുന്നു പൊലീസ് നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു.
കൊണ്ടോട്ടി ഡിവൈഎസ്പി പി കെ അഷറഫിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രി വിടുകയും ചെയ്തു.