ആഡംബര കപ്പലിലെ ലഹരിപാര്‍ടി കേസില്‍ മൂന്നാഴ്ചത്തെ ജയില്‍ വാസത്തിന് ശേഷം ആര്യന്‍ ഖാന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകനായ ആര്യന്‍ ഖാന്‍ ഉള്‍പെടെയുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് അറസ്റ്റിലായത്.
ഒക്‌ടോബര്‍ എട്ട് മുതല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന് മുമ്ബ് രണ്ട് തവണ ജാമ്യം നിഷേധിച്ചിരുന്നു. ആര്യന്‍ ഖാനില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് അഭിഭാഷകര്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാണിച്ചു. എന്നാല്‍, ആര്യന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും വാട്സ് ആപ് ചാറ്റുകളില്‍ അനധികൃത മയക്കുമരുന്ന് ഇടപാടില്‍ പങ്കുള്ളതായി തെളിഞ്ഞുവെന്നുമായിരുന്നു എന്‍സിബിയുടെ വാദം.
മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന് വേണ്ടി ബോംബെ ഹൈകോടതിയില്‍ ഹാജരായത്. ഒക്ടോബര്‍ മൂന്നിന് മുംബൈയില്‍നിന്ന് പുറപ്പെട്ട ആഡംബര കപ്പലില്‍ എന്‍ സി ബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും ആര്യനടക്കമുള്ളവരെ പിടികൂടുകയുമായിരുന്നു. ആര്യന്‍ ഖാനൊപ്പം അറസ്റ്റ് ചെയ്ത അര്‍ബാസ് മര്‍ചന്റ്, മോഡല്‍ മുന്‍മുണ്‍ ധമേച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതികള്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പുറത്തിറങ്ങുമെന്നാണ് വിവരം.