Breaking News

കപ്പലണ്ടിക്ക് എരിവില്ല; കൊല്ലം ബീച്ചിൽ കൂട്ടത്തല്ലിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്…

കപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞുണ്ടായ തർക്കം കൊല്ലം ബീച്ചിൽ കൂട്ടത്തല്ലിൽ കലാശിച്ചു. ബീച്ചിലുണ്ടായ സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. കാറിൽ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ കപ്പലണ്ടി തിരികെക്കൊടുക്കാൻ ശ്രമിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവങ്ങൾക്ക് തുടക്കം.

പള്ളിത്തോട്ടത്ത് നിന്ന് കാറിൽ ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പുരുഷൻമാരിൽ ഒരാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. വഴിയോര കച്ചവടം നടത്തുന്ന വൃദ്ധനിൽ നിന്ന് ഇയാൾ കപ്പലണ്ടി വാങ്ങി. കുറച്ചു കഴിച്ചശേഷം എരിവില്ല എന്നു പറഞ്ഞു തിരികെ കൊടുത്തു. എന്നാൽ കപ്പലണ്ടി വാങ്ങാൻ കച്ചവടക്കാരൻ കൂട്ടാക്കിയില്ല.

കോവിഡ് കാലം ആയതിനാൽ കപ്പലണ്ടി തിരികെ വാങ്ങാൻ ആവില്ലെന്ന നിലപാടിലായിരുന്നു കച്ചവടക്കാരൻ. ക്ഷുഭിതനായ യുവാവ് കപ്പലണ്ടി വൃദ്ധന്റെ മുഖത്തേക്ക് വലിച്ചെറിയുകയും തുടർന്ന് കച്ചവടക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് സംഭവത്തിൽ നാട്ടുകാർ കൂടി ഇടപെട്ടതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു.

ഇതിനിടയിൽ ഒരാൾ യുവാവിനെ ആക്രമിക്കുകയും ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കൂടുതൽ ആളുകൾ ഇടപെട്ടതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ ഏഴോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനിടെ ചില നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഏറെനേരം പരിശ്രമിച്ച ശേഷമാണ് രംഗം ശാന്തമായത്.

പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ സംഭവ സ്ഥലത്തിന് അടുത്തായതിനാൽ പൊലീസിന് വേഗത്തിൽ സംഭവ സ്ഥലത്ത് എത്താനും രംഗം ശാന്തമാക്കാനും കഴിഞ്ഞു. വഴിയരികിലെ മത്സ്യ വിൽപനക്കാരും കൂട്ടത്തല്ലിനിടയിൽ പെട്ടുപോയി. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലേക്കും ഈസ്റ്റ് സ്റ്റേഷനിലേക്കും മാറ്റി.

പൊതു സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചതിനാൽ സ്വമേധയാ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ കേസ് എടുക്കുമെന്ന് പറഞ്ഞതോടെ ഇരു കൂട്ടരും പരാതിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞിരുന്നു. അമ്മയും മകളും മകനും മരുമകനും ബന്ധുവായ സ്ത്രീയുമാണ് വാഹനത്തിലെത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …