ഉദ്ഘാടനത്തിനു മുമ്പേ പാലം പുഴയിലേക്ക് തകര്‍ന്നുവീണ സംഭവത്തില്‍ എന്‍ജിനീയര്‍മാരടക്കം മൂന്നുപേര്‍ക്കെതിരെ കണ്ണൂര്‍ വിജിലന്‍സ് കേസെടുത്തു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ഉളിക്കല്‍ പഞ്ചായത്തിലെ നുച്ചിയാട് -കോടാപറമ്ബില് നിര്‍മിച്ച കോണ്‍ക്രീറ്റ് നടപ്പാലം തകര്‍ന്ന സംഭവത്തിലാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ കേസെടുത്തത്.
കരാറുകാരന് ബേബി ജോസ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസി. എക്സി. എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വിജിലന്‍സ് സി.ഐ പി.ആര്. മനോജിനാണ് അന്വേഷണച്ചുമതല. എ.കെ. ആന്റണി എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ മുടക്കിയാണ് പാലം നിര്‍മിച്ചത്.
പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തും മുമ്ബേ 2019 ആഗസ്റ്റിലാണ് പാലത്തിന്റെ ഒരു ഭാഗം പുഴയിലേക്ക് മറിഞ്ഞു വീണത്. കാലവര്‍ഷത്തില്‍ തകര്‍ന്നുവെന്നാണ് ആദ്യം പറഞ്ഞതെങ്കിലും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ച് രംഗത്തുവരികയായിരുന്നു. അതിനിടെ പരിക്കളം സ്വദേശി വി.കെ. രാജന് വിജിലന്‍സിനും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ പരാതി നല്‍കുകയും ചെയ്തു.
ഈ പരാതിയില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് വ്യക്തമായത്. തുടര്‍ന്നാണ് രണ്ടു വര്‍ഷത്തിനു ശേഷം കേസെടുത്തത്. വന്‍ അഴിമതി നടന്നതായി കണ്ടെത്തിയതിനാല്‍ എന്‍ജിനീയര്‍മാര്‍ക്കെതിരെ വകുപ്പുതല നടപടിയും കരാറുകാരനെതിരെ മറ്റ് നടപടികളുമാണുണ്ടാവുക.