കോവിഡ് നിയന്ത്രണങ്ങളും ഇന്ധനവില വര്‍ധനയും പ്രതിസന്ധിയിലാക്കിയ ജില്ലയിലെ സ്വകാര്യ ബസുകള്‍ കരകയറാനാകാതെ ഓട്ടം നിര്‍ത്താനൊരുങ്ങുന്നു. കോവിഡ്ഭീതി കാരണം യാത്രക്കാര്‍ പൊതുസംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കുന്നതും ദിവസേനയുണ്ടാകുന്ന ഡീസല്‍ വില വര്‍ധന താങ്ങാനാവാത്തതുമാണ് ബസ് വ്യവസായത്തിന് വെല്ലുവിളിയാകുന്നതെന്ന് ഉടമകള്‍ പറയുന്നു.
2018ല്‍ മിനിമം ചാര്‍ജ് എട്ടു രൂപയായി വര്‍ധിപ്പിച്ചപ്പോള്‍ ഡീസലിന് 61 രൂപയായിരുന്നു വില. എന്നാല്‍, ഇന്നിത് 103 രൂപയിലെത്തി. 42 രൂപയുടെ വര്‍ധന. ഒരു ലിറ്റര്‍ ഡീസലിന് മൂന്നു മുതല്‍ നാല് കി.മീറ്റര്‍ വരെയേ ബസുകള്‍ക്ക് പരമാവധി െെമലേജ് ലഭിക്കൂ. കുറഞ്ഞ െെമലേജും കൂടിക്കൊണ്ടേയിരിക്കുന്ന ഡീസല്‍ വിലയും താങ്ങാനാവുന്നുമില്ല. ജില്ലയില്‍ മൊത്തം 1100 ബസുകള്‍ക്കാണ് നിലവില്‍ പെര്‍മിറ്റുള്ളത്.
എന്നാല്‍, കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ 600ല്‍ താഴെ ബസുകളേ ഇപ്പോള്‍ സര്‍വിസ് നടത്തുന്നുള്ളൂ. കോവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ ജനങ്ങള്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതും ഇന്ധനവിലവര്‍ധനയും പ്രതിസന്ധി രൂക്ഷമാക്കി. ജില്ലയിലെ ചില സ്വകാര്യ ബസുകള്‍ സി.എന്‍.ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്)യിലേക്ക് ചുവട് മാറ്റുന്നുണ്ടെങ്കിലും ഇത് വേഗത്തില്‍ നടപ്പാകില്ല.
നിലവിലെ ഡീസല്‍ ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റാന്‍ മൂന്നര മുതല്‍ നാലു ലക്ഷം രൂപയോളം ചെലവ് വരും. പുതിയ സി.എന്‍.ജി ബസ് വാങ്ങുകയാണെങ്കില്‍ ഡീസല്‍ ബസുകളേക്കാള്‍ 10 ലക്ഷം രൂപയോളം അധികച്ചെലവും വരും. ഇപ്പോഴത്തെ സാമ്ബത്തിക പ്രതിസന്ധിയില്‍ ഇത് താങ്ങാനാവില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.
നവംബര്‍ ഒമ്ബത് മുതല്‍ സര്‍വിസുകള്‍ നിര്‍ത്താന്‍ കോഴിക്കോട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. 2018ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച എട്ടു രൂപ മിനിമം ചാര്‍ജാണ് ഇപ്പോഴും ഈടാക്കുന്നത്. വിദ്യാര്‍ഥികളുടെ നിരക്ക് ഒരു രൂപയും. ഒരു വര്‍ധനയും നിരക്കുകളില്‍ വന്നിട്ടില്ല.
സര്‍വിസുകള്‍ നിര്‍ത്തുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോടുള്ള പ്രതിഷേധമല്ല. മറിച്ച്, പിടിച്ചു നില്‍ക്കാനാവാത്തതുകൊണ്ടാണ്. റോഡ് ടാക്സ് ഉള്‍പ്പെടെ കോവിഡ് കാലയളവില്‍ സര്‍ക്കാറുകള്‍ ഭീമമായി വര്‍ധിപ്പിച്ച നികുതികള്‍ ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. യാത്രക്കാരോടുള്ള വെല്ലുവിളിയായി സമരത്തെ കാണരുതെന്നും ബസ് വ്യവസായം നിലനിര്‍ത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും ഭാരവാഹികള്‍ പറഞ്ഞു.